g
അതിര് തുറക്കാതെ അതിർത്തികൾ

 കാൽനട യാത്രക്കാർക്ക് പോകാനും അവസരമില്ല

കൊല്ലം: കേരളീയർക്ക് പ്രവേശനം നിഷേധിച്ച് കർണാടകം അതിർത്തി അടച്ചപ്പോൾ പ്രതിഷേധിച്ച സർക്കാർ ജില്ലാ അതിർത്തികളിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചത് കാണാതെ പോകരുത്. ശാസ്‌താംകോട്ടയിൽ ഏഴ് വയസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന അയൽ പഞ്ചായത്തായ പോരുവഴിയിലും നിയന്ത്രണങ്ങൾ വന്നു.

പോരുവഴിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ ചെറിയ വഴികളും പത്തനംതിട്ട ജില്ലാ ഭരണകൂടം പൂർണമായും അടച്ചു. ഭരണിക്കാവ് - വണ്ടിപ്പെരിയാർ നിർദ്ദിഷ്ട ദേശീയപാതയിലെ ഏഴാംമൈൽ ജില്ലാ അതിർത്തി വഴി മാത്രമേ പത്തനംതിട്ടയിലേക്ക് പ്രവേശനം ഉള്ളൂ. പോരുവഴിയിലെ വടക്കൻ മേഖലയായ ഇടയ്ക്കാട്ടിലെ ജനങ്ങൾ മരുന്നിനും പാലിനും പച്ചക്കറിക്കും തുടങ്ങി സർവതിനും ആശ്രയിക്കുന്നത് തെങ്ങമം ഉൾപ്പെടെയുള്ള പത്തനംതിട്ടയിലെ പ്രദേശങ്ങളെയാണ്.

വിളിപ്പാടകലെ കിടക്കുന്ന തെങ്ങമത്തേക്ക് പോരുവഴിക്കാർക്ക് ഇപ്പോൾ പ്രവേശിക്കാൻ വഴിയില്ല. ഇടയ്ക്കാട്ടിലെ പാലത്തുംകടവ് പാലം അടച്ചതോടെ പരസ്പരം ബന്ധപ്പെടാനുള്ള വഴികൾ അടഞ്ഞു. പാലത്തിനപ്പുറത്തെ ക്ഷീര സംഘത്തിൽ പാൽ നൽകുന്ന കർഷകർ ഉൾപ്പെടെ വലഞ്ഞു. കാൽനട യാത്രക്കാരുടെ അടക്കം വഴിയടച്ച നീതി നിഷേധത്തിനെതിരെ പരാതി പറഞ്ഞ് ജനം മടുത്തു. അടച്ച വഴികൾ ചാടി കടന്നാണ് സ്ത്രീകൾ ഉൾപ്പെടെ ഇപ്പോൾ പല വിധ ആവശ്യങ്ങൾക്കായി പോകുന്നത്. പോരുവഴിയിൽ മാത്രമല്ല, നിയന്ത്രണങ്ങൾ നില നിൽക്കുന്ന ജില്ലാ അതിർത്തികളിലും സ്ഥിതി ഇതാണ്.

പൂർണമായും അടഞ്ഞുതന്നെ

1. ഓച്ചിറയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ- കൊല്ലം അതിർത്തിയിൽ ജാഗ്രത

2. ദേശീയപാതയിൽ ഉൾപ്പെടെ കർശന പരിശോധന

3. ചാത്തന്നൂരിലെ രോഗ വ്യാപനം കൊല്ലം - തിരുവനന്തപുരം അതിർത്തിയിലും ബാധിച്ചു

4. ട്രിപ്പിൾ ലോക്ക് ഡൗണിലെ പരിശോധന ശക്തം

5. തമിഴ്നാട് അതിർത്തിയിലെ രോഗവ്യാപനം സംസ്ഥാന അതിർത്തി അടയ്ക്കാൻ ഇടയാക്കി

6. കുളത്തൂപ്പുഴയിൽ രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കർശനം

7. ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകൾ പൊലീസ് വലയത്തിൽ

8. പത്തനംതിട്ടയുമായുള്ള എല്ലാ അതിർത്തി വഴികളും അടഞ്ഞു

9. സാധാരണ ജീവിതങ്ങളെ ഗുരുതരമായി ബാധിക്കുന്നു

10. ജില്ലാ അതിർത്തികൾ പൂർണമായി അടയ്ക്കുന്നത് നീതിനിഷേധം

'' പോരുവഴി ഇടയ്‌ക്കാട് വടക്ക് മേഖലയിൽ ഉള്ളവർ കൂടുതലായി ആശ്രയിക്കുന്നത് പത്തനംതിട്ട ജില്ലയിലെ തെങ്ങമത്തെയാണ്. അവിടേക്കുള്ള വഴികൾ പൂർണമായും അടയ്ക്കുന്നതോടെ ഞങ്ങളുടെ ജീവിതം വഴിമുട്ടുകയാണ്. കാൽനട യാത്രയ്ക്കെങ്കിലും അവസരം ഒരുക്കണം. മിനി, ഇടയ്‌ക്കാട് സ്വദേശി