നീണ്ട ഇളവേളയ്ക്ക് ശേഷം ചാകര
കൊല്ലം: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ കടലിൽ പോയ വലിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും വല നിറയെ മത്സ്യം ലഭിച്ചു. 160 ബോട്ടുകളാണ് ഇന്നലെ ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്. നീണ്ടകരയിൽ നിന്ന് 80 വള്ളങ്ങൾ പോയി.
സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം ഒറ്റസംഖ്യയിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള ബോട്ടുകളും വള്ളങ്ങളുമാണ് ഇന്നലെ കടലിൽക് പോയത്. ബോട്ടുകൾക്ക് ചെമ്മീൻ ഇനങ്ങളായ കരിക്കാടി, നാരൻ, കഴന്തൻ എന്നിവയാണ് പ്രധാനമായും ലഭിച്ചത്. ചെറിയ തോതിൽ ചീലാവും ഞണ്ടും കിട്ടി. വള്ളങ്ങൾക്ക് പ്രധാനമായും നെത്തോലിയും ചെറിയ കരിച്ചാളയും കിട്ടി.
ഇന്നലെ ഏകാദശി ആയിരുന്നതിനാൽ സർക്കാർ അനുവദിച്ചിട്ടും വളരെക്കുറച്ച് വള്ളങ്ങളേ പോയുള്ളു. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ നിന്ന് ഇന്ന് കൂടുതൽ വള്ളങ്ങൾ പോകാൻ സാദ്ധ്യതയുണ്ട്. ഇന്ന് ഇരട്ട സംഖ്യയിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള വള്ളങ്ങൾക്കും ബോട്ടുകൾക്കുമാണ് പോകാൻ അനുമതിയുള്ളത്. മത്സ്യം വാങ്ങാൻ നീണ്ടകരയിൽ മാത്രം ഇന്നലെ 450 വാഹനങ്ങൾക്ക് പാസ് നൽകിയിരുന്നു.
കണ്ണടയ്ക്കാതെ കോസ്റ്റൽ പൊലീസ്
ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരിൽ അധികവും അന്യസംസ്ഥാനക്കാരാണ്. അതിൽ കൂടുതലും തമിഴ്നാട് സ്വദേശികളാണ്. നീണ്ടകരയിൽ നിന്ന് വള്ളങ്ങളിൽ തമിഴ്നാട്ടിലേക്ക് പോയി തൊഴിലാളികളെ എത്തിക്കാൻ ശ്രമം നടക്കുന്നതായി കോസ്റ്റൽ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ അവിടെ നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനെതിരെ കോസ്റ്റൽ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. പോകുന്ന വള്ളങ്ങളും ബോട്ടുകളും മടങ്ങിയെത്തുന്നുണ്ടോയെന്നാണ് പ്രധാന പരിശോധന. പുറപ്പെടുന്ന ദിവസം മടങ്ങിയെത്താത്ത ബോട്ടുകൾക്കും വള്ളങ്ങൾക്കുമെതിരെ നടപടിക്ക് സാദ്ധ്യതയുണ്ട്.
......................
വള്ളം നിറയെ കോള്...
കടലിൽ പോയത്
ബോട്ടുകൾ 160
വള്ളങ്ങൾ 80
ലഭിച്ചത്
കരിക്കാടി
നാരൻ
കഴന്തൻ (ചെമ്മീൻ)
ചീലാവ്
ഞണ്ട്
നെത്തോലി
കരിച്ചാള
നീണ്ടകരയിലെ വില (കിലോ)
കരിച്ചാള വലുത് - 180
ചെറുത് -140
നെത്തോലി വലുത്- 100
ചെറുത് - 50
ചാള - 210
ചൂര- 250
കേരച്ചൂര - 210
പൊള്ളൽ - 150
അയില- 290
ഇടത്തരം -120
ചെറുത് -100
"
ബോട്ടുകളിലും വള്ളങ്ങളിലും എത്തിയ മത്സ്യം പൂർണമായും വിറ്റുപോയി. ഇന്ന് കൂടുതൽ ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാൻ സാദ്ധ്യതയുണ്ട്.
നൗഷർഖാൻ,
നീണ്ടകര ഫിഷറീസ് എ.ഡി