ഒരു കുപ്പിക്ക് 800 മുതൽ 1000 രൂപ വരെ
പുനലൂർ: ലോക്ക് ഡൗണിനെ തുടർന്ന് വിദേശമദ്യ ചില്ലറ വില്പന ശാലകൾ അടച്ച് പൂട്ടിയതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖയിൽ വ്യാജ ചാരായ വാറ്റും അനധികൃത മദ്യ വില്പനയും വ്യാപകമായതായി പരാതി. പുനലൂർ നഗരസഭാ പ്രദേശങ്ങൾ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ വീടുകൾ, വനമേഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് വ്യാജ ചാരായ വാറ്റും വില്പനയും തകൃതിയായി നടക്കുന്നത്. പൊലീസും എക്സൈസും ചേർന്ന് 8000 ലിറ്റർ കോടയും 500 ലിറ്ററിൽ അധികം വ്യാജ ചാരായവും കിഴക്കൻ മലയോര മേഖലകളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. 17ഓളം പേർ അറസ്റ്റിലായി. ഞായറാഴ്ച അർദ്ധ രാത്രിയിൽ വീടിനടുത്തുള്ള തോട്ടിന് സമീപം ചാരായം വാറ്റിക്കൊണ്ടിരുന്ന ഇടമൺ പാറക്കട സ്വദേശി അനീഷിനെ അഞ്ചൽ എക്സൈസ് സംഘം ചാരായവുമായി അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ചാരായം വാറ്റുന്നവർ ഒരു കുപ്പിക്ക് 800 മുതൽ 1000 രൂപ വരെയാണ് ആവശ്യക്കാരിൽ നിന്ന് ഈടാക്കുന്നത്.