nl
അയ്യപ്പൻ (30)

തഴവ: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തഴവയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി കവർച്ച നടത്തിയ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് തോന്നയ്ക്കൽ ഊരിക്കോളത്ത് പുത്തൻവീട്ടിൽ ബ്ലെയ്ഡ് അയ്യപ്പൻ എന്നറിയപ്പെടുന്ന അയ്യപ്പനാണ് (30) അറസ്റ്റിലായത്.

ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചികൾ, മൊബൈൽ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. തഴവ പാവുമ്പ, പാലമൂട്, മണപ്പള്ളി, കർത്തേരി ജംഗ്ഷൻ, എ.വി.എച്ച്.എസ് ജംഗ്ഷൻ, കൊറ്റംപള്ളി, കുലശേഖരപുരം, കുറുങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ കാണിക്ക വഞ്ചികളിൽ നിന്നാണ് ഇയാൾ പണം കവർന്നത്. കൂടാതെ തഴവയിലെ ഒരു മൊബൈൽ ഷോപ്പിലും ഇയാൾ മോഷണം നടത്തിയിരുന്നു.

പൊലീസ് പിടിയിലായാലുടൻ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം ശരീരത്തിൽ മുറിവ് വരുത്തുന്ന അയ്യപ്പൻ നിരവധി മോഷണ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മഞ്ജുലാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാഥാനത്തിൽ സബ് ഇൻസ്പെക്ടർമാരായ ജയശങ്കർ, അലോഷ്യസ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പാവുമ്പയിൽ നിന്ന് പിടികൂടിയത്.