c
കൊവിഡ് ചൂട് കുറയുന്നു

 ഇന്നലെ പുതിയ രോഗികളില്ല

രോഗമുക്തർ 9

ചികിത്സയിലുള്ളത് 3

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 പേർ രോഗമുക്തരായി. ഇനി 3 പേർ മാത്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ചികിത്സയിലുള്ളത്.

ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിലെ 9 വയസുകാരൻ, മീനാട് സ്വദേശിയായ 64 കാരൻ, ചാത്തന്നൂർ പി.ച്ച്.സിയിലെ നഴ്സായ മുഖത്തല സ്വദേശിനി, അറ്റൻഡറായ പാരിപ്പള്ളി സ്വദേശിനി, കുളത്തൂപ്പുഴ സ്വദേശിയായ 76 കാരൻ, തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് രോഗബാധിതനായ കുളത്തൂപ്പുഴ സ്വദേശിയായ യുവാവ്, അദ്ദേഹത്തിന്റെ സുഹൃത്തും പ്രദേശവാസിയുമായ മദ്ധ്യവയസ്കൻ, ഓച്ചിറയിൽ കൊവിഡ് കെയർ സെന്ററിൽ കഴിയവേ രോഗം സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ, ശാസ്താംകോട്ട പോരുവഴി സ്വദേശിയായ ഏഴുവയസുകാരി എന്നിവർക്കാണ് രോഗം ഭേദമായത്. ഇവരിൽ എട്ടുപേർ ഇന്നലെ വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങി. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെ ഇന്നേ വീട്ടിലെത്തിക്കൂ. രോഗമുക്തരായവരെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രയാക്കി.

ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയിൽ നിന്ന് രോഗം പകർന്ന ഭാര്യാ സഹോദരി, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രോഗബാധിതരായ പുനലൂർ സ്വദേശികൾ എന്നിവരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.