ആക്ഷേപിച്ചവരെ സ്വജീവിതം കൊണ്ട് തിരുത്തിപ്പറയിക്കുകയാണ് പ്രദീപ് സ്വാമി. അത്ഭുതങ്ങൾ കാട്ടി അതിശയപ്പെടുത്തിക്കൊണ്ടല്ല, കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും പൊതുസമൂഹത്തോടുള്ള ആദരവും സേവന മനസ്ഥിതിയും വേണ്ടുവോളമുണ്ടായപ്പോൾ അകന്ന് നിന്നവർ അടുപ്പം കാട്ടാൻ തുടങ്ങി. പ്രദീപ് സ്വാമി കാഷായം ധരിച്ചെങ്കിലും സർവ്വസംഗ പരിത്യാഗിയല്ല, ആത്മീയതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് മാത്രം. ചട്ടമ്പി റെഡ്യാർ എന്നറിയപ്പെട്ടയാൾ കാഷായ വസ്ത്രമുടുത്തപ്പോൾ സംശയത്തിന്റെ കൺമുനകൾ എറിഞ്ഞവരും ആക്ഷേപിച്ചവരുമേറെ. എന്നാലിപ്പോൾ പ്രദീപ് സ്വാമിയെ എല്ലാവരും അംഗീകരിക്കുന്ന നിലയിലെത്തി.
യോഗയിലൂടെ ശരീരത്തെയും മനസിനെയും താളാത്മകവും ഏകാഗ്രവുമാക്കാൻ കഴിഞ്ഞത് തന്നിലെ അഴുക്കുകളെ നീക്കാൻ ഉപകരിച്ചുവെന്ന് സ്വാമി ഉറച്ച് വിശ്വസിക്കുന്നു.
ഭാരതത്തിന്റെ പൗരാണിക ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ വ്യായാമ മുറയാണ് യോഗ. വേദകാലത്തിന് മുൻപ് ഹിമാലയ സാനുക്കളിലെ മനുഷ്യ അധിവാസ മേഖലകളിൽ ജന്മമെടുത്തതാകാമത്. ധ്യാനത്തിന്റെയും കായിക മുറയുടെയും സംയോജനമായ യോഗയെന്നാണ് പല ചരിത്രകാരൻമാരും സാമൂഹ്യ ശാസ്ത്രജ്ഞൻമാരും നിരീക്ഷിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഒരു കാർഷിക സംസ്കൃതിയിലേക്ക് വികസിച്ചതോടെയാണ് മനസിനെയും ശരീരത്തെയും കൂട്ടിയോജിപ്പിക്കുന്ന യോഗ എന്ന വ്യായാമ മുറയും രൂപപ്പെട്ടിട്ടുണ്ടാവുക. ശാരീരിക പ്രക്രിയകളെ ഏകോപിപ്പിച്ച് ക്രമീകരിക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാനുമുള്ള ഒരു അഭ്യാസമെന്ന നിലയിലാണ് പ്രദീപ് സ്വാമി യോഗയെയും കണ്ടത്. ഒരു പരിശീലകന്റെ സാന്നിദ്ധ്യമോ പ്രേരണകളോ ഇല്ലാതെ യോഗയുടെ വിവിധ തലങ്ങളിലേക്ക് കടക്കാൻ സ്വാമിയ്ക്ക് കഴിഞ്ഞു. ദിവസം ഒരു മണിക്കൂറിലധികം യോഗ ശീലമാക്കി. തിരക്കില്ലാത്ത ദിനങ്ങളിൽ അഭ്യാസങ്ങൾക്ക് ദൈർഘ്യവുമേറി.
ചട്ടമ്പി റെഡ്യാരിൽ നിന്ന്....
വെളിയം പടിഞ്ഞാറ്റിൻകര മുണ്ടയ്ക്കൽ വീട്ടിൽ കൈത്തറി നെയ്ത്തുകാരനായ തുളസീധരന്റെയും ദേവയാനിയുടെയും നാല് ആൺ മക്കളിൽ മൂന്നാമനായ ടി.പ്രദീപിന്റെ കുട്ടിക്കാലം സുഖകരമായിരുന്നില്ല. അമിത മദ്യപാനിയായ അച്ഛന്റെ അകാല വിയോഗത്തിനു പിന്നാലെ അമ്മയും വീടുവിട്ടിറങ്ങി. വിദ്യാലയങ്ങൾക്ക് മുന്നിൽ പുളിഞ്ചിക്ക വിറ്റാണ് പ്രദീപ് വിശപ്പകറ്റിയത്. വളർച്ചയ്ക്കൊപ്പം നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായി. ജയിൽ ശിക്ഷയും ലഭിച്ചു. ചട്ടമ്പി റെഡ്യാരെന്ന പേരും വീണു. പാൽവിൽപ്പനക്കാരനായും ഓട്ടോ ഡ്രൈവറായും പലവിധ ജോലികൾ ചെയ്തു. ഇടയ്ക്ക് കർണാടകയിൽ കിണർ നിർമ്മാണ ജോലിയ്ക്ക് പോയപ്പോൾ കിണറിന്റെ അടിത്തട്ടിൽ ജോലി ചെയ്യുന്നതിനിടെ പ്രദീപിനെ 5000 രൂപയ്ക്ക് അടിമക്കച്ചവടം നടത്തിയ സംഭവവും ഉണ്ടായി. വെളിയം അഞ്ചുമൂർത്തി ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഗുരുവും ജേഷ്ഠതുല്യനുമായ അഡ്വ.വെളിയം കെ.എസ്.രാജീവിന്റെ ഉപദേശങ്ങളുമാണ് പ്രദീപിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. പതിയെ മനസിൽ നിന്ന് ദുഷ് ചിന്തകൾ പടിയിറങ്ങി. വെളിയം പടിഞ്ഞാറ്റിൻകര ശ്രീബാലഭദ്ര ദേവീക്ഷേത്രത്തിന്റെ ചുമതലക്കാരനായി മാറുകയും സന്യാസ ജീവിതത്തിലേക്ക് കടക്കുകയുമായിരുന്നു. കുട്ടിക്കാലത്ത് അക്ഷരങ്ങളെ അറിയാൻ കഴിഞ്ഞില്ല, ഇപ്പോൾ അക്ഷരം പഠിച്ച് വായനയുടെ സുഖമറിഞ്ഞുതുടങ്ങി. ചട്ടമ്പിയിൽ നിന്ന് സന്യാസ ജീവിതത്തിലേക്കുള്ള പറിച്ചുനടൽ ഇന്ന് നാട്ടുകാർക്ക് വിശ്വാസമാണ്. കളിയാക്കിയവരും ഇപ്പോൾ 'പ്രദീപ് സ്വാമികൾ' എന്ന് വിളിക്കാൻ തുടങ്ങി.