കൊല്ലം: കൊവിഡിനെ പ്രതിരോധിക്കാൻ കുടുംബമൊന്നിച്ചുള്ള പ്രവർത്തനത്തിലാണ് ഏരൂർ സുനിൽ. കൂട്ടുകാർക്കും നാട്ടുകാർക്കും മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്താണ് അഞ്ചൽ ഏരൂർ പാഞ്ചജന്യത്തിൽ സുനിൽ മാതൃകയായത്. ബി.ഡി.ജെ.എസ് യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും പുനലൂർ നിയോജക മണ്ഡലം പ്രസിഡന്റും യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4260-ാം നമ്പർ ശാഖാ പ്രസിഡന്റുമായ ഏരൂർ സുനിൽ നിർദ്ധനർക്ക് ഭക്ഷ്യധാന്യങ്ങളും എത്തിക്കുന്നുണ്ട്. ഭാര്യ അശ്വതിയാണ് മാസ്ക് തയ്ക്കാൻ തുടക്കമിട്ടത്. അതോടെ കൂടുതൽ തുണി വാങ്ങി നൽകി സുനിലും ഒപ്പം കൂടി. ആയിരത്തിലധികം മാസ്കുകൾ ഇവർ രണ്ടുപേരും ചേർന്ന് തയ്യാറാക്കി. പ്രധാന കവലകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു. മക്കൾ നന്ദകിഷോർ ദേവും നന്ദനയും മാസ്ക് വിതരണത്തിനിറങ്ങി. ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിലും മാസ്കുകൾ വിതരണം ചെയ്തു. പ്രദേശത്തെ റേഷൻ കടകളിൽ കിറ്റ് വാങ്ങാനെത്തുന്നവർക്ക് സുനിലിന്റെ വകയായി ഇനി മാസ്കുകളും നൽകാനാണ് തീരുമാനം.