കൊല്ലം: ശാസ്‌താംകോട്ടയിൽ കൊവിഡ് 19 ബാധിച്ച ഏഴ് വയസുകാരിക്ക് രോഗം ഭേദമായതിനാൽ ശാസ്‌താംകോട്ട പഞ്ചായത്ത് ഹോട്ട് സ്പോട്ടിന് പുറത്തായേക്കും. കഴിഞ്ഞ മാസം 25നാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് മാതാവിനൊപ്പം നാട്ടിലെത്തി 28 ദിവസത്തെ ഗൃഹ നിരീക്ഷണം പൂർത്തീകരിച്ച കുഞ്ഞിന് 35 ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് മുതൽ ശാസ്താംകോട്ടയിൽ ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കിയിരുന്നു. പോരുവഴി, ശാസ്താംകോട്ട പഞ്ചായത്തുകളിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പോരുവഴിയിലെ 13, 14, 15 വാർഡുകളൊഴികെ പഞ്ചായത്തിലെ മറ്റിടങ്ങളിൽ നിരോധനാജ്ഞ പിൻവലിച്ചിരുന്നു. ഓറഞ്ച് സോണിലായ ജില്ലയിൽ കൂടുതൽ ഇളവുകൾ ലഭിച്ചെങ്കിലും ശാസ്താംകോട്ടയിലും പരിസരങ്ങളിലും ഹോട്ട് സ്പോട്ട് ആയതിനാൽ ഇളവുകൾ ബാധകമല്ല. പോരുവഴിയും ശാസ്താംകോട്ടയും പൂർണമായും പൊലീസ് വലയത്തിലാണ്. പ്രത്യേക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് എല്ലായിടത്തും പരിശോധന നടത്തുന്നതിനൊപ്പം ബൈക്കുകളിൽ പ്രത്യേക പട്രോളിംഗും തുടരുകയാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തന അനുമതി. മത്സ്യത്തിന്റെയും ഇറച്ചിയുടെയും വിപണനം തടഞ്ഞു. കുഞ്ഞിന് രോഗം ഭേദമാവുകയും മറ്റാർക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് പ്രതീക്ഷ.
നിയന്ത്രണങ്ങൾ തള്ളി ജനം തെരുവിലിറങ്ങി
ശാസ്താംകോട്ടയിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ അവസാനിച്ചെന്ന് നവമാദ്ധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നതിനാൽ ഇന്നലെ രാവിലെ മുതൽ നിരത്തിൽ തിരക്കേറി. എല്ലാത്തരം കടകളും തുറന്നതോടെയാണ് ഹോട്ട് സ്പോട്ടിൽ ജനതിരക്കേറിയത്. ഇതോടെ കർശനമായ പൊലീസ് ഇടപെടലുണ്ടായി. കടകൾ അടപ്പിച്ചതിനൊപ്പം സൂപ്പർ മാർക്കറ്റുകളിൽ സാമൂഹിക അകലം ലംഘിച്ച് തിങ്ങി കൂടിയവരെയും പൊലീസ് പുറത്തിറക്കി.