ചവറ: ചവറ കെ.എം.എം.എൽ കമ്പനി അധികൃതർ കാർഷിക മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നു. കാട് മൂടിക്കിടന്ന കമ്പനി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലമാണ് കൃഷിക്കായി ഒരുക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കർ ഭൂമിയിൽ സർക്കാർ കൃഷി നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.എം.എം.എല്ലും കൃഷിയിലേക്കിറങ്ങിയത്. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളാണ് ഇവിടെ വെച്ച് പിടിപ്പിച്ചിരിക്കുന്നത്. തക്കാളി, വെണ്ട, വാഴ, പച്ചമുളക് തുടങ്ങിയവ വിളവെടുക്കുന്നതിനൊപ്പം കരനെൽ കൃഷി നടത്താനും സ്ഥലം ഒരുക്കിയിട്ടുണ്ട്. വിഷമയമില്ലാത്ത പച്ചക്കറികൾ വിളയിച്ചെടുക്കാം എന്ന മുദ്രാവാക്യത്തോടെ ആദ്യ തൈ കമ്പനി മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് നട്ടു. ചടങ്ങിൽ ജനറൽ മാനേജർ വി. അജയ കൃഷ്ണൻ, യൂണിറ്റ് തലവൻ ജി. സുരേഷ് ബാബു, ഫൈനാൻസ് അധികാരി സി.എസ്. ജ്യോതി, ടി.പി യൂണിറ്റിലെ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കളായ എ.എ. നവാസ്, ആർ. ജയകുമാർ, മനോജ് മോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പന്മന പഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കുന്നത്.