ലോക്ക് ഡൗണിൽ ഇളവുകൾ തേടി പഞ്ചായത്ത് പ്രസിഡന്റ്
ചാത്തന്നൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ചാത്തന്നൂരിനും നിരോധനാജ്ഞ പ്രഖ്യാപിച്ച കല്ലുവാതുക്കൽ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾക്കും പുതിയ പരിശോധനാ ഫലങ്ങൾ ആശ്വാസമാകുന്നു. ഇന്നലെ വന്ന കൊവിഡ് 19 ഫലങ്ങളിൽ ചാത്തന്നൂർ പഞ്ചായത്തിൽ രണ്ട് പേരും കല്ലുവാതുക്കലിൽ ഒരാളും തൃക്കോവിൽവട്ടത്ത് രണ്ട് പേരും ചികിത്സ കഴിഞ്ഞ് പരിശോധന ഫലം നെഗറ്റീവായി ആശുപത്രി വിട്ടു. ഇവരുമായി ബന്ധപ്പെട്ട ആൾക്കാരുടെ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും നടത്തിയ സ്രവ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായതോടെ നിരോധനാജ്ഞയിൽ ഇളവുതേടി ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് കളക്ടർക്കും ഡി.എം.ഒയ്ക്കും കത്ത് നൽകിയിരിക്കുകയാണ്. കൊവിഡ് 19 രോഗവ്യാപന ഭീതി നിലനിൽക്കുന്ന മീനാട്, മീനാട് കിഴക്ക്, കോട്ടുവാതുക്കൽ, എം.സി പുരം വാർഡുകളിൽ മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മറ്റ് വാർഡുകളിൽ ഇളവുകൾ നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ 28 മുതലുള്ള നിരോധനാജ്ഞയും ട്രിപ്പിൾ ലോക്ക് ഡൗണും മൂലം ജനജീവിതം ദുസഹമായിരിക്കുകയാണ്. പ്രദേശത്തെ കടകളിൽ പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും തീർന്നുകൊണ്ടിരിക്കുകയാണ്. തീർന്ന സാധനങ്ങൾ എത്തിക്കുന്നതിനും പ്രയാസമുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി പഞ്ചായത്തിൽ ഇളവുകൾ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.