73 കാരൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്
കൊല്ലം: കൊവിഡിൽ നിന്ന് മുക്തി നേടി മണിക്കൂറുകൾക്കുള്ളിൽ വയോധികൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുംമൂട്ടിൽ പത്മനാഭനാണ് (73) ഇന്നലെ രാത്രി 9.10 ഓടെ മരിച്ചത്. കഴിഞ്ഞ മാസം 29നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് പത്മനാഭനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്ന അദ്ദേഹത്തിന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയുടെ ഫലമായി രണ്ട് ദിവസത്തിനുള്ളിൽ ആശ്വാസം ലഭിച്ചിരുന്നു. തുടർന്ന് ഒന്ന്, രണ്ട് തീയതികളിൽ തുടർച്ചയായി സ്രവ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്നലെ വൈകിട്ട് കൊവിഡ് മുക്തി നേടിയവരുടെ പട്ടികയിൽ പത്മനാഭന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. പത്മനാഭൻ ഉൾപ്പെടെ 9 പേരാണ് ഇന്നലെ ജില്ലയിൽ രോഗ മുക്തി നേടിയത്. കൊവിഡ് മുക്തനായെങ്കിലും മറ്റ് ശാരീരിക അസ്വസ്ഥകൾ ഉള്ളതിനാൽ പത്മനാഭനെ ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ചില്ല. 8.45നാണ് പത്മനാഭന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. അടിയന്തിര ചികിത്സകളെല്ലാം നൽകിയെങ്കിലും അരമണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടു. പത്മനാഭന്റെ മരണ വിവരം അറിയിച്ച് ഇന്നലെ രാത്രി പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രത്യേക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. കൊവിഡ് നെഗറ്റീവ് ആണെങ്കിലും മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സംസ്കാരം നടത്തുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പത്മനാഭനൊപ്പം രോഗ മുക്തി നേടിയ ജില്ലയിലെ മറ്റ് എട്ടുപേർ ഇന്നലെ വീടുകളിലേക്ക് മടങ്ങിയിരുന്നു.