കൊട്ടാരക്കര മേൽക്കുളങ്ങര വയലിന് കുറുകെയുള്ള ആ റോഡില്ലേ. അത് കെ. പ്രഭാകരന്റെ വിയർപ്പാണ്. ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് പ്രഭാകരൻ വാങ്ങിയതാണ് റോഡ് സ്ഥിതി ചെയ്യുന്ന മണ്ണ്.
മേൽക്കുളങ്ങര വയലിന് കുറുകെ പണ്ട് മഴ പെയ്താൽ കുതിർന്ന് താഴുന്ന നടവരമ്പായിരുന്നു. മഴക്കാലത്ത് വയലിൽ മുട്ടറ്റം വെള്ളം പൊങ്ങും. പിന്നെ അക്കരെ ഇക്കരെ യാത്ര നടക്കില്ല. 40 വർഷം മുൻപ് നാട്ടുകാരെല്ലാം ഒന്നിച്ച് ആവശ്യപ്പെട്ടപ്പോൾ റോഡ് നിർമ്മിക്കാൻ 200 മീറ്റർ നീളത്തിൽ വയൽഭൂമി 4500 രൂപയ്ക്ക് വാങ്ങി. ഇന്ന് ഇത്രയും ഭൂമി വാങ്ങാൻ കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലുമാകും. പിന്നാലെ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് റോഡ് നിർമ്മിച്ചു. ഇതുവഴി ഓടിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് പിന്നിലും പ്രഭാകരന്റെ കൈയൊപ്പുണ്ട്. മുൻ മന്ത്രി ആർ. ബാലകൃഷ്ണ പിള്ളയുമായുള്ള സൗഹൃദം ഉപയോഗിച്ചാണ് ബസ് സർവ്വീസുകൾ അനുവദിപ്പിച്ചത്. മേൽക്കുളങ്ങരയിലെ റോഡുകൾ പലതും വീതി കൂട്ടി വികിസിപ്പിക്കുകയും ചെയ്തു.
ലോക്ക് ഡൗൺ കാലത്തും പ്രഭാകരൻ മേൽക്കുളങ്ങരയിലെ റീന ഭവനിൽ വെറുതെയിരിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 200 ഓളം മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു.
70-ാം വയസ് മുതൽ ഉന്നത വിജയം നേടുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ, മികച്ച കർഷകർ എന്നിവർക്ക് സപ്തതി സ്മാരക അവാർഡ് നൽകുന്നുണ്ട്.
ചുറുചുറുക്കുള്ള സംഘാടകൻ
പ്രായം 84 ആയെങ്കിലും പൊതുക്കാര്യങ്ങളിൽ ഇടപെടുമ്പോൾ പ്രഭാകരന് 18 കാരന്റെ ഉശിരാണ്. 15 ഓളം പ്രസ്ഥാനങ്ങളുടെ അമരക്കാരനാണ്. 20 വർഷം കൊട്ടാരക്കര 633-ാം നമ്പർ എസ്.എൻ.ഡി.പി മേൽക്കുളങ്ങര ശാഖാ പ്രസിഡന്റും അഞ്ച് വർഷം കൊട്ടാരക്കര യൂണിയൻ കൗൺസിലറുമായിരുന്നു. മേൽക്കുളങ്ങര അംഗൻവാടി വികസന സമിതിയുടെ ആദ്യകാല പ്രസിഡന്റ്. 10 വർഷം കേരള കോൺഗ്രസ് (ബി) വാർഡ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. മേൽക്കുളങ്ങര മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റായിരുന്നു. ഇപ്പോൾ രക്ഷാധികാരിയാണ്. ശ്രീനാരായണ സാംസ്കാരിക സമിതിയുടെ കൊട്ടാരക്കര താലൂക്ക് പ്രസിഡന്റായി 25 വർഷം പ്രവർത്തിച്ചു. എഴുകോൺ കൈതക്കോട് ദുർഗ്ഗാദേവി ക്ഷേത്രം രക്ഷാധികാരിയാണ്. എം.കെ കുമാരൻ ഫൗണ്ടേഷന്റെ പ്രസിഡന്റായിരിക്കെ മുൻമുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന് ഫൗണ്ടേഷന്റെ അവാർഡ് നൽകി ആദരിച്ചു.
പിന്നിട്ട വഴികൾ
1937 ഡിസംബർ 2ന് പത്തനംതിട്ടയിലെ അങ്ങാടിക്കൽ കോട്ടയ്ക്കകത്ത് കൃഷ്ണൻ കേശവന്റെയും നാണിയമ്മയുടെയും എട്ട് മക്കളിൽ മൂന്നാമനായി ജനനം. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും ബി.എ യും പാസ്സായി. പിന്നാലെ ആരോഗ്യവകുപ്പിൽ ജോലി ലഭിച്ചു.
1962ൽ ഇന്ത്യൻ കരസേനയുടെ ആർമി എഡ്യൂക്കേഷൻ കോറിൽ ഇൻസ്ട്രക്ടറായി ചേർന്നു. മൂന്ന് വർഷം ശ്രീനഗറിലായിരുന്നു. 1965 ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പങ്കെടുത്തു. സേവാ മെഡൽ ജേതാവാണ്. സംസ്ഥാന സാക്ഷരതാ മിഷൻ അസി. പ്രോജക്ട് ഓഫീസറായി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം 1968 ൽ കെ.എസ്.ഇ.ബിയിൽ എൽ.ഡി ക്ലാർക്കായി ജോലി ലഭിച്ചു. 24 വർഷത്തെ സേവനത്തിന് ശേഷം 1992 ൽ സീനിയർ സൂപ്രണ്ടായി വിരമിച്ചു. കെ.എസ്.ഇ.ബി മിനിസ്റ്റീരിയൽ യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
മുൻ എം.പിയും പി.എസ്.സി ചെയർമാനുമായിരുന്ന എം.കെ. കുമാരന്റെ ഇളയസഹോദരിയും ഉമ്മന്നൂർ സെന്റ് ജോൺസ് എച്ച്.എസ് അദ്ധ്യാപികയുമായിരുന്ന ലളിതാംബികയാണ് ഭാര്യ. റീന, റീത്ത പ്രഭ, പ്രവീൺ പ്രഭ എന്നിവർ മക്കളാണ്. അഡ്വ.. ബാബുരാജ്, സന്തോഷ് വിജയരാഘവൻ, ദിവ്യ പ്രവീൺ എന്നിവർ മരുമക്കൾ. ബാലഗോവിന്ദ്, ഗോപിക, അനന്തകൃഷ്ണൻ, ഗൗരി മീനാക്ഷി, കാർത്തിക് പ്രവീൺ എന്നിവർ കൊച്ചുമക്കൾ.
ഗുരുദേവന്റെ അചഞ്ചല ഭക്തൻ
ശ്രീനാരായണ ഗുരുദേവന്റെ അചഞ്ചല ഭക്തനാണ് പ്രഭാകരൻ. എല്ലാ ദിവസവും രാവിലെ 6നും വൈകിട്ട് 6 നും മേൽക്കുളങ്ങര ഗുരുമന്ദിരത്തിലെ ഗുരുദേവ വിഗ്രഹത്തിന് മുന്നിലെത്തി ഗുരുദേവ കീർത്തനാലാപനം നടത്തും. പ്രഭാകരൻ വിട്ടുനൽകിയ സ്ഥലത്താണ് പ്രദേശവാസികളുടെ പിന്തുണയോടെ മേൽക്കുളങ്ങര ശാഖാ മന്ദിരം നിർമ്മിച്ചത്.