കൊല്ലം: കൊല്ലം കൊവിഡ് മുക്ത ജില്ലയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചികിത്സയിലായിരുന്ന 9 പേർ ഇന്നലെ രോഗമുക്തരായിരുന്നു. ഇതിൽ ഉൾപ്പെട്ട വൃദ്ധൻ രാത്രിയോടെ മരിച്ചുവെങ്കിലും മരണകാരണം മറ്റ് അസുഖങ്ങളാണെന്നാണ് അധികൃതർ അറിയിച്ചത്. കുളത്തൂപ്പുഴ ആലുംമൂട്ടിൽ വീട്ടിൽ പത്മനാഭൻ(73) ആണ് മരിച്ചത്. പരിശോധനാ ഫലങ്ങൾ നെഗറ്റീവായതോടെ പത്മനാഭനെ കൊവിഡ് വാർഡിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ ഡിസ്ചാർജ്ജ് ചെയ്തിരുന്നില്ല. രാത്രി എട്ടേമുക്കാലോടെ രോഗം കടുക്കുകയും അധികം വൈകാതെ മരിക്കുകയുമായിരുന്നു.
3 പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ഇപ്പോഴും ചികിത്സയിലാണ്. ഇവരും രോഗമുക്തി ഉടൻ നേടുമെന്നാണ് പ്രതീക്ഷ. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് പ്രതീക്ഷകൾക്ക് വക നൽകുന്നത്. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിലെ 9 വയസുകാരൻ, മീനാട് സ്വദേശിയായ 64 കാരൻ, ചാത്തന്നൂർ പി.ച്ച്.സിയിലെ നഴ്സായ മുഖത്തല സ്വദേശിനി, അറ്റൻഡറായ പാരിപ്പള്ളി സ്വദേശിനി, തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് രോഗബാധിതനായ കുളത്തൂപ്പുഴ സ്വദേശിയായ യുവാവ്, അദ്ദേഹത്തിന്റെ സുഹൃത്തും പ്രദേശവാസിയുമായ മദ്ധ്യവയസ്കൻ, ഓച്ചിറയിൽ കൊവിഡ് കെയർ സെന്ററിൽ കഴിയവേ രോഗം സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ, ശാസ്താംകോട്ട പോരുവഴി സ്വദേശിയായ ഏഴുവയസുകാരി എന്നിവർക്കാണ് രോഗം ഭേദമായത്. പത്മനാഭനൊഴികെയുള്ള എട്ടുപേർ ഇന്നലെ വൈകിട്ടോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. കൊവിഡിൽ നിന്ന് മുക്തിനേടിയവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മെഴുകുതിരികൾ തെളിച്ചാണ് വീടുകളിലേക്ക് മടങ്ങിയത്. ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയിൽ നിന്ന് രോഗം പകർന്ന ഭാര്യാ സഹോദരി, തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് രോഗബാധിതരായ പുനലൂർ സ്വദേശികൾ എന്നിവരാണ് ഇപ്പോഴും ചികിത്സയിലുള്ളത്.
ലോക്ക് ഡൗണിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ആര്യാങ്കാവ് പൊലീസ് ഔട്ട് പോസ്റ്റ് വഴി നാട്ടിലെത്തി തുടങ്ങിയത് മാത്രമാണ് തെല്ല് ആശങ്കയ്ക്ക് ഇട നൽകുന്നത്. ദേശീയപാതയിലൂടെ ആര്യങ്കാവിലെത്തുന്ന ഇവരുടെ രേഖകളും ശാരീരിക പരിശോധനകളും നടത്താനുള്ള സംവിധാനങ്ങക്കായി ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂൾ, സമീപത്തെ ഗവ.എൽ.പി സ്കൂൾ ഗ്രൗണ്ടുകളിൽ പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം വിശ്രമിക്കാനും ഗവ.എൽ.പി സ്കൂളിൽ മെഡിക്കൽ, യാത്രാ രേഖകളുടെ പരിശോധനയുമാണ് നടക്കുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഐസൊലേഷനിലും മറ്റുള്ളവരെ അവരവരുടെ വീടുകളിലും നിരീക്ഷണത്തിലാക്കും. ഒരു ദിവസം 700 പേരെ പരിശോധിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നോർക്ക വഴി രജിസ്റ്റർ ചെയ്ത മലയാളികളാണ് തമിഴ്നാട് വഴി കേരളത്തിലേക്കെത്തുന്നത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാവസായികൾ, ജോലികഴിഞ്ഞ് മടങ്ങിയെത്തുന്നവർ എന്നിവരാണ് ഉൾപ്പെടുന്നത്. ആര്യങ്കാവിൽ വൻ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.