കൊല്ലം: പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിനൊപ്പം കടമ്പനാടിന്റെയും അതിർത്തികൾ അടച്ചതോടെ കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലായി. ശാസ്താംകോട്ട പാറയിൽ മുക്കിൽ ഏഴു വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൊല്ലം ജില്ലാ അതിർത്തികൾ പത്തനംതിട്ട ജില്ലാ അധികൃതർ അടച്ചത്. പള്ളിക്കലും കടമ്പനാടും അതിർത്തികൾ അടച്ചതോടെ പോരുവഴിയിലെ ഇടയ്ക്കാട്, പാലത്തിൻകടവ്, ചാത്താകുളം, മലനട, ദേവഗിരി, മണ്ണാറോഡ്, ഒറ്റതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ബുദ്ധിമുട്ടിലായത്. ഈ ഭാഗങ്ങളിലെ ഇടറോഡുകൾ ഉൾപ്പെടെ വേലി കെട്ടി അടച്ചിരിക്കുകയാണ്. കുന്നത്തൂർ പഞ്ചായത്തിലെ മാനാമ്പുഴ, പുത്തനമ്പലം,ഐവർകാല, നാട്ടിശേരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ കടമ്പനാടിനെയാണ് വിവിധ കാര്യങ്ങൾക്ക് ആശ്രയിച്ചിരുന്നത്. സൈക്കിൾ യാത്രികർക്കു പോലും കടന്നു പോകാനാകില്ല. വ്യാപാരികൾ, കർഷകർ, രോഗികൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.
പത്തനംതിട്ട ജില്ലാ കളക്ടറുടെ സന്ദർശനം
പോരുവഴി, കുന്നത്തൂർ എന്നിവിടങ്ങളിൽ രോഗബാധിതരോ രോഗലക്ഷണങ്ങളോ ഉളളവർ ഇല്ലാതിരുന്നിട്ടും റോഡുകൾ അടച്ച പത്തനംതിട്ട ജില്ലാ അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകമാണ്. അടച്ചു പൂട്ടിയ കുന്നത്തൂർ അതിർത്തി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അതിർത്തികൾ സന്ദർശിച്ച ശേഷം പത്തനംതിട്ട ആർ.ഡി.ഒയുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടു.