kerala

കൊല്ലം: ആശ്വസിക്കാൻ വകയുണ്ട്, എന്നാൽ ആശങ്കകൾ പൂർണമായും ഒഴിഞ്ഞിട്ടില്ലെന്ന് കൊല്ലം കളക്ടർ ബി.അബ്ദുൾ നാസർ പറഞ്ഞു. ഇളവുകൾ ആഘോഷിക്കാനോ സാമൂഹിക അകലം പാലിക്കുന്നത് ഒഴിവാക്കാനോ അല്ല, ജീവിതം ചലിക്കാൻ വേണ്ടി മാത്രമാണ്. സാമൂഹിക അകലം ഇപ്പോഴും വളരെ പ്രാധാന്യമുള്ളത് തന്നെയാണ്. നമ്മുടെ കുടുംബങ്ങൾ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തിക്കപ്പുറത്തു നിന്നും വരികയാണ്.

അവരെ സ്വീകരിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായിരിക്കുന്നു. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാവിധ നടപടികളും പൂർത്തീകരിച്ചിട്ടാണ് അവരെ നമ്മുടെ ജില്ലയിൽ വീടുകളിലും പ്രത്യേക കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളായി ഏറ്റെടുത്ത ഇടങ്ങളിലും പ്രവേശിപ്പിക്കുന്നത്. ലക്ഷണങ്ങൾ ഉള്ള എല്ലാവരെയും നിശ്ചയിച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കും. അല്ലാത്തവരെ അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ചു വീടുകളിലേക്കോ മേൽ കേന്ദ്രങ്ങളിലേക്കോ കർശന നിരീക്ഷണത്തിന് വേണ്ടി വിടും.

എന്നാൽ അവരെ രോഗികളായി കാണേണ്ടതില്ല. മറിച്ച് അവരോടു ആവശ്യമായ അകലം പാലിക്കുകയും വേണം. രോഗ വാഹകരോട് പോലും മനുഷ്യത്വ രഹിതമായതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു കാര്യവും ഉണ്ടാവരുത്. നമ്മുടെ യുദ്ധം മനുഷ്യരോടല്ല, രോഗത്തോടും രോഗ കാരണമായ വൈറസിനോടും മാത്രമാണ്.

അതിനു ഇനിയും കൂടുതൽ മികച്ച ജാഗ്രതയും കരുതലും കാണിക്കണം. ശാരീരിക അകലം പാലിക്കണം, കൈ കഴുകണം, തുപ്പി തോൽപ്പിക്കരുത്, മുഖാവരണം എപ്പോഴും ധരിക്കുക, ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കളക്ടർ പറഞ്ഞു.