photo
ലോക് ഡൗണിന് മുൻപ് ബിവറേജസ് ഔട്ട് ലെറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം

കൊല്ലം: കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ സർക്കാർ മദ്യവിൽപ്പന ശാല മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഭരണ കക്ഷിയുടെ പ്രമുഖ നേതാവിന്റെ ഇടപെടൽ. അനുയോജ്യമായ ഇടംകണ്ടെത്തിയാൽ ഉടൻതന്നെ മാറ്റി സ്ഥാപിക്കാമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് തന്നതായി പി. ഐഷാപോറ്റി എം.എൽ.എ വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതാവിന്റെ ഇടപെടലുണ്ടായത്. ലോക് ഡൗണിന് ശേഷം ഔട്ട്ലെറ്റ് ടൗണിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി അനുയോജ്യമെന്ന് വിലയിരുത്തുന്ന നാല് കെട്ടിടങ്ങളുടെ പട്ടിക എക്സൈസ് കമ്മീഷണർക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഒരു ലക്ഷത്തിലധികം രൂപ മാസ വാടകയുള്ള കെട്ടിടത്തിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. പുതുതായി കണ്ടെത്തിയ നാല് കെട്ടിടങ്ങളും നാൽപ്പതിനായിരം രൂപയിൽ താഴെ വാടകയുള്ളതും മെച്ചപ്പെട്ട സൗകര്യങ്ങളുള്ളതുമാണ്. മാറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടയിലാണ് വിയോജിപ്പുമായി നേതാവെത്തിയത്.

നൂറ് മീറ്റർ ചുറ്റളവിലുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്കിടയിലെ തിരക്കേറിയ ഭാഗത്ത് പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് എം.എൽ.എയ്ക്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എക്സൈസ് കമ്മിഷണർക്കുമടക്കം ഇവ കൈമാറിയിരുന്നു. ഇത്രയധികം എതിർപ്പുകളോടെ ഔട്ട് ലെറ്റ് അവിടെ പ്രവർത്തിപ്പിക്കുന്നത് ശരിയല്ലെന്ന പൊതുവിലയിരുത്തലോടെ മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുത്തപ്പോഴാണ് ഒറ്റയാളിന്റെ ഇടപെടൽ വിലങ്ങുതടിയാകുന്നത്.