കൊല്ലം: ലോക്ക് ഡൗൺ കാലമായതിനാൽ സഞ്ചാരികളുടെ സാന്നിദ്ധ്യമില്ലാതെ അമ്പനാട് മഞ്ഞിൽ കുളിക്കുകയാണ്. മഞ്ഞും മലനിരകളും തേയിലത്തോട്ടങ്ങളുമുള്ള മൂന്നാറിന്റെ മറ്റൊരു പതിപ്പാണ് കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്തുള്ള അമ്പനാട്. മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രംപോലെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ, കോടമഞ്ഞ് വാരിവിതറുന്ന സുഖകരമായ തണുപ്പ്...അങ്ങനെ നീളുന്നു കാഴ്ചകളുടെ വൈവിദ്ധ്യം.
വർണ്ണനകളിലൊതുക്കാനാകാത്ത സൗരഭ്യം കണ്ണിനെയും മനസ്സിനെയും ഒരുപോലെ വിസ്മയിപ്പിക്കുമെന്ന് തീർച്ച. കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകളും വെള്ളച്ചാട്ടവും കാഴ്ചകളെ അവിസ്മരണീയമാക്കും. ലോക് ഡൗൺ കഴിഞ്ഞാൽ ഇവിടേക്ക് സഞ്ചാരികളെത്തും. തണുപ്പിന്റെ ലഹരിയും കൗതുകവും മനസ്സ് നിറഞ്ഞ യാത്രാനുഭവമാകും അവർക്ക് ലഭിക്കുക.
'കൊല്ലത്തിന്റെ മൂന്നാർ' വിശേഷങ്ങൾ അത്രയ്ക്കുണ്ട്. കണ്ണെത്താ ദൂരത്തോളമുള്ള തേയിലത്തോട്ടവും ഓറഞ്ച് മരങ്ങളും ഇവിടത്തെ മണ്ണിലുണ്ടെന്നത് അധികമാർക്കും അറിയില്ല. ഏത് സീസണിലും മഞ്ഞുപൊഴിയ്ക്കുന്ന മരങ്ങളും മലനിരകളും വെള്ളച്ചാട്ടവും കുഞ്ഞരുവികളും കുളങ്ങളും പിന്നെ ബ്രിട്ടീഷുകാർ നിർമ്മിച്ച ബംഗ്ളാവുകളും വിസ്മയക്കാഴ്ചകളുടെ കൂട്ടത്തിൽപ്പെടുത്താം. വ്യത്യസ്തതയുള്ള വ്യൂ പോയിന്റുകളുണ്ട്. തെന്മലയ്ക്കടുത്തായി പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന അമ്പനാട് മലയ്ക്ക് കൊല്ലത്തിന്റെ മൂന്നാറെന്ന് വിളിപ്പേരുവന്നതിൽ അതിശയോക്തിയില്ല.
പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴുതുരുട്ടിയിൽ നിന്ന് 12 കിലോ മീറ്റർ അകലെയായാണ് അമ്പനാട് മലനിരകൾ സ്ഥിതി ചെയ്യുന്നത്. ട്രാവൻകൂർ റബ്ബർ ആന്റ് ടീ എസ്റ്റേറ്റിന്റെ ഭാഗമാണിവിടം. ഹാരിസൺ മലയാളം പ്ളാന്റേഷൻ അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ഇവിടെ വ്യാപകമായി തേയില കൃഷി ചെയ്തുതുടങ്ങിയതാണ്. എന്നാൽ അടുത്തകാലംവരെയും ജില്ലയുടെ പടിഞ്ഞാറൻ മേഖലക്കാർക്കുപോലും ഇവിടം പരിചിതമല്ലായിരുന്നു.
ലോക്ക് ഡൗണിന് മുൻപ് ഇവിടം സജീവമാകാൻ തുടങ്ങിയതായിരുന്നു. തേയിലത്തോട്ടങ്ങളിൽ ആയിരത്തിൽപ്പരം തൊഴിലാളികൾ പണിയെടുക്കാനുണ്ടായിരുന്നതുമാണ്. നുള്ളിയെടുക്കുന്ന കൊളുന്ത് തേയിലയായി രൂപപ്പെടുത്തുന്ന ഫാക്ടറിയും ഇവിടെയുണ്ട്. ഗ്രാമ്പൂവും കുരുമുളകുമാണ് ഇടവിള കൃഷികൾ. ഗ്രാമ്പൂവിന്റെ വിളവെടുപ്പ് പൂർത്തിയാവുകയാണ്. ഇടയ്ക്ക് സപ്പോട്ടയുമുണ്ട്.
തെന്മല ഇക്കോ ടൂറിസവും പാലരുവി വെള്ളച്ചാട്ടവുമൊക്കെ കാണാനെത്തുന്നവർ അമ്പനാടിന്റെ മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും അടുത്തറിയാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു പകൽ മുഴുവൻ കണ്ടാസ്വദിക്കാനുള്ള വിഭവങ്ങളുണ്ടെങ്കിലും രാത്രികാലങ്ങളിൽ കാട്ടാനകളുടെയും മറ്റും ശല്യവുമുണ്ട്. ഈ ലോക്ക് ഡൗൺ കാലവും കൊവിഡിന്റെ നിയന്ത്രണങ്ങളും പിന്നിട്ടാൽ അവധിക്കാലം ആഘോഷമാക്കുവാൻ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ.