മത്സ്യക്കച്ചവടക്കാരുടെ കൊള്ള തടയാൻ ഇടപെടലില്ല
കൊല്ലം: ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ നിന്ന് കൂട്ടത്തോടെ വള്ളങ്ങളും ബോട്ടുകളും കടലിൽ പോയി വല നിറയെ മത്സ്യം കിട്ടിയിട്ടും വില വലപൊട്ടിച്ച് മുകലിലേക്ക് തന്നെ. വലിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും കടലിൽ പോകാൻ നിയന്ത്രണം ഉണ്ടായിരുന്ന ദിവസങ്ങളിലേത് പോലെ കൊള്ള വിലയാണ് ഇപ്പോഴും ഈടാക്കുന്നത്.
നീണ്ടകരയിൽ വിലയ കരിച്ചാള ഒരു കിലോയ്ക്ക് 180 രൂപയും വലിയ നെത്തോലിക്ക് 100 രൂപയുമാണ് ഒരു കിലോയുടെ വില. എന്നാൽ വാഹനങ്ങളിൽ കച്ചവടം നടത്തുന്നവർ മൂന്നിരട്ടിയിലേറെ വിലയ്ക്കാണ് വിൽക്കുന്നത്. ഒരു കിലോയിൽ 25 വലിയെ കരിച്ചാളയെങ്കിലും തൂങ്ങും. എന്നാൽ തീരത്തോട് അടുത്തുള്ള പ്രദേശങ്ങളിൽ പോലും നൂറ് രൂപയ്ക്ക് എട്ട് കരിച്ചാളയാണ് വിൽക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കുറഞ്ഞതും കച്ചവടക്കാർ മുതലെടുക്കുകയാണ്. പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണത്തിന് സർക്കാർ ഇടപെടുന്നുണ്ടെങ്കിലും മത്സ്യത്തിന് കൊള്ള വില ഈടാക്കുന്നത് തടയാൻ ആരും ഇടപെടുന്നില്ല.
ഹാർബറുകളിൽ സാമൂഹിക അകലം ഉറപ്പുവരുത്താനാണ് ലേലം ഒഴിവാക്കി കിലോ നിരക്കിൽ കച്ചവടം ഏർപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികൾക്ക് മാന്യമായ വരുമാനവും പൊതുജനങ്ങൾക്ക് മിതമായ നിരക്കിലും ലഭിക്കത്തക്ക വിധത്തിലാണ് ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയും മത്സ്യഫെഡും ചേർന്ന് ഓരോ ഇനം മത്സ്യത്തിനും ആഴ്ച തോറും പുതുക്കി വില നിശ്ചയിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് മാന്യമായ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ കീശ കീറുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും ചന്തകളിലും വഴിയോരത്തും വാഹന കച്ചവടക്കാരും വിൽക്കുന്ന മത്സ്യം പരിശോധിക്കാറുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ ഇടപെടാനുള്ള അധികാരമില്ല.
മത്സ്യഫെഡ് സംഭരിക്കുന്നത്
1.5 ടൺ (ദിവസം)
സ്റ്റാളുകൾ: 5, അന്തിപ്പച്ച (വാഹനം): 3
ലഭ്യത നാലിരട്ടി, എന്നിട്ടും കൊള്ള
നേരത്തെ ചെറുവള്ളങ്ങളും ചെറുബോട്ടുകളും മാത്രം പോയിരുന്നപ്പോൾ നീണ്ടകരയിൽ 15 ടൺ വരെ മത്സ്യമാണ് ലഭിച്ചിരുന്നത്. ലഭ്യത കുറവായതിനാൽ വില ഉയരുന്നതിൽ അത്ഭുതം ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ നീണ്ടകരയിലും ശക്തികുളങ്ങരയിലും മത്സ്യ ലഭ്യത നാലിരട്ടിയായി വർദ്ധിച്ചു. എന്നിട്ടും ചില്ലറ കച്ചവടക്കാർ ഉപഭോക്താക്കളുടെ കീശ കൊള്ളയടിക്കുകയാണ്.
വിൽപ്പന മൂന്നിരട്ടി വിലയ്ക്ക്
കരിച്ചാള വില: 180 രൂപ
ഒരു കിലോ: 25 എണ്ണം (വലുത്)
നൂറ് രൂപയ്ക്ക്: 8 എണ്ണം
ഹാർബറുകൾ
നീണ്ടകര
ശക്തികുളങ്ങര
പോർട്ട് കൊല്ലം
പള്ളിത്തോട്ടം
മൂതാക്കര
വാടി
തങ്കശേരി
പുത്തൻതുറ
അഴീക്കൽ
ആകെ ലഭിക്കുന്നത്:
50 ടൺ (ഒരുദിവസം)
"
കച്ചവടക്കാർ മത്സ്യത്തിന് വ്യാപകമായി അമിതവില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരാതികളും ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കും.
സി.വി. അനിൽകുമാർ
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ