class-room

 ശനിയാഴ്ച ഉൾപ്പെടെ പ്രവൃത്തി ദിവസമാകും

കൊല്ലം: അടുത്ത അദ്ധ്യയനവർഷം പഠന ദിനങ്ങൾ കുറയ്ക്കേണ്ടി വന്നാലും പൊതുവിദ്യാലയങ്ങളിലെ പാഠഭാഗങ്ങൾ ഭേഗദതി ചെയ്യില്ല. ലോക്ക് ഡൗൺ നീണ്ടാൽ നഷ്ടപ്പെടുന്ന അദ്ധ്യയന ദിനങ്ങളെ എങ്ങനെ വീണ്ടെടുക്കാമെന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. അടുത്ത അദ്ധ്യയനവർഷം ആരംഭിക്കാൻ രണ്ട് മാസത്തിലേറെ വൈകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ പ്രതീക്ഷ. പാഠഭാഗങ്ങൾ വെട്ടിക്കുറച്ചാൽ കുട്ടികൾക്ക് യഥാസമയം ലഭിക്കേണ്ട അറിവുകളുടെ നിഷേധമായി മാറുമെന്നതിനാൽ കഴിഞ്ഞ പ്രളയകാലത്ത് സ്വീകരിച്ചത് പോലെ ശനിയാഴ്ചകൾ ഉൾപ്പെടെ പ്രവൃത്തി ദിനങ്ങളാക്കും. ഒരു വർഷം 200 അദ്ധ്യയന ദിനങ്ങളാണ് കുട്ടികൾക്ക് നൽകേണ്ടത്. രണ്ട് മാസം വൈകി സ്കൂൾ വർഷം ആരംഭിച്ചാലും ഇരുന്നൂറിനടുത്ത് അദ്ധ്യയന ദിവസം ഉറപ്പ് വരുത്താനാകും. അദ്ധ്യയന വർഷാരംഭം വൈകിയാൽ ഓണക്കാലത്തെ പരീക്ഷ ഉപേക്ഷിക്കും. എന്നാൽ ക്രിസ്‌മസ്, വാർഷിക പരീക്ഷകൾ മുൻ വർഷങ്ങളിലേത് പോലെ നടന്നേക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന് പിന്നാലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പൂർത്തീകരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.

അദ്ധ്യാപകർക്ക് ഓൺലൈൻ പരിശീലനം

വേനലവധിക്കാലത്ത് അദ്ധ്യാപകർക്കായി നടത്തിയിരുന്ന പതിവ് പരിശീലന ക്ളാസുകൾ ഇത്തവണ ഓൺലൈനിലൂടെ നടത്താൻ ശ്രമം തുടങ്ങി. എല്ലാ അദ്ധ്യാപകർക്കുമുള്ള പൊതുപരിശീലനവും വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലനവും സാങ്കേതിക സഹായത്തോടെ ഓൺലൈനായി നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിന്റെ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്‌തും വിക്ടേഴ്സ് ചാനൽ കണ്ടും പരിശീലനത്തിൽ പങ്കാളികളാൻ അവസരമുണ്ടാകും. പരിശീലകരോട് സംശയങ്ങൾ ചോദിച്ച് മനസിലാക്കാൻ അദ്ധ്യാപകർക്ക് അവസരമൊരുക്കും.

''

അടുത്ത അദ്ധ്യയന വർഷം ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതേയുള്ളൂ. ലോക്ക് ഡൗണായതിനാൽ അന്തിമ ധാരണയായിട്ടില്ല.

അഡിഷണൽ ഡയറക്ടർ (അക്കാഡമിക്),

പൊതുവിദ്യാഭ്യാസ വകുപ്പ്