akthar

ഇന്ത്യന്‍ ടീമിന്റെ ബോളിംഗ് പരിശീലകനാകാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍. വേഗതയേറിയ ബോളർമ്മാരിൽ മുൻനിരയിലുള്ള ആളാണ് അക്തർ. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പായ ഹലോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്തര്‍ ഇങ്ങനെ പറഞ്ഞത്.

ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ബോളിംഗ് യൂണിറ്റുമായി കൈകോര്‍ക്കാന്‍ താല്‍പര്യമുണ്ടോയെന്നാണ് അക്തറിനോട് ചോദിച്ചത്. "ഉറപ്പായും. അറിവ് കൈമാറുകയാണ് എന്റെ ജോലി. ഞാന്‍ നേടിയ അറിവ് എന്താണോ അത് മറ്റുളളവര്‍ക്കും പകര്‍ന്നു കൊടുക്കും" അക്തര്‍ പറഞ്ഞു. ഒരുകാര്യത്തിൽ ഉറപ്പ് പറയാം നിലവിലെ കളിക്കാരേക്കാള്‍ കൂടുതല്‍ ആക്രമണകാരികളും വേഗതയേറിയതുമായ ബോളര്‍മാരെ താന്‍ ഇന്ത്യയ്ക്കായി സൃഷ്ടിക്കുമെന്നും അക്തര്‍ പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അക്തര്‍ പറയുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ചിട്ടുളള താരമാണ് അക്തര്‍. 1998 പരമ്പരയിലെ സച്ചിന്‍ ടെന്‍ഡുക്കറുമായുളള പരിചയത്തെക്കുറിച്ചു അക്തര്‍ സംസാരിച്ചു. "അന്ന് സച്ചിനെ പരിചയമുണ്ടായിരുന്നു. പക്ഷേ ഇന്ത്യക്കാർക്ക് അദ്ദേഹം എത്രമാത്രം വലുതാണെന്ന് അറിയില്ലായിരുന്നു. ചെന്നൈയില്‍ വച്ചാണ് അദ്ദേഹം ഇന്ത്യയില്‍ ദൈവമായാണ് അറിയപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാക്കാനായത്. ഇപ്പോള്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. നല്ല മനുഷ്യനാണ്,​ നല്ല ബാറ്റ്സ്മാൻ ആണ്. എനിക്കും ഇന്ത്യയില്‍ വലിയൊരു ആരാധക കൂട്ടമുണ്ട്," അക്തര്‍ പറഞ്ഞു.