ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെ നാട്ടിലേക്ക്
ഇന്നലെ അനുമതി നൽകിയത്
162 പേർക്ക്
എത്തിയത് 126 പേർ
കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ താമസിച്ചിരുന്ന മലയാളികൾക്ക് നാട്ടിലേക്ക് തിരികെയെത്താൻ സംസ്ഥാനം അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് 126 പേർ ജില്ലയിൽ പ്രവേശിച്ചു. 59 വാഹനങ്ങളിലായാണ് ഇവരെത്തിയത്. ആർക്കും ആരോഗ്യ പ്രശ്നങ്ങളിലെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടതിനാൽ ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി വീടുകളിലേക്ക് അയച്ചു.
ടാക്സി കാറുകൾക്ക് കേരളത്തിലേക്ക് പ്രവേശനം നൽകിയില്ല. യാത്രക്കാരെ അതിർത്തിയിൽ ഇറക്കിയ ശേഷം കാറുകളെ മടക്കി അയച്ചു. അതിർത്തിയിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിരുന്ന ടാക്‌സി കാറുകളിലാണ് ഇവരെ വീടുകളിലേക്ക് അയച്ചത്. സ്വന്തം കാറുകളിൽ വന്നവർക്ക് അതേ വാഹനവുമായി വീടുകളിലേക്ക് പോകാൻ കഴിഞ്ഞു. മുൻകൂട്ടിയുള്ള രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ 162 പേർക്ക് ഇന്നലെ അര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി പ്രവേശന അനുമതി നൽകിയിരുന്നു. ഇവരിൽ 126 പേരാണ് നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധരായി അതിർത്തിയിലെത്തിയത്.
തഹസീൽദാർ അനിൽ ഫിലിപ്പിനെ അതിർത്തിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറായി നിയമിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ചുമതലയ്ക്കായി പുനലൂർ ഡിവൈ.എസ്.പിയുടെ ചുമതലയിൽ രണ്ട് സി.ഐ മാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചു.
പരിശോധനാ രീതി ഇങ്ങനെ
1. ചെക്ക് പോസ്റ്റ് വഴി വരുന്നവരുടെ നോർക്ക രജിസ്ട്രേഷൻ രേഖകൾ പരിശോധിക്കും. ജാഗ്രതാ പോർട്ടൽ വഴിയുള്ള യാത്രാ പാസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തും
2. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ അതാത് ദിവസത്തെ പാസ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും
3. വാഹന പരിശോധനയ്ക്ക് ശേഷം യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്ക് ആര്യങ്കാവ് സെന്റ് മേരീസ് സ്കൂളിൽ സൗകര്യം
4.രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
5. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ആര്യങ്കാവ് ഗവ. എൽ.പി.എസിൽ തുടർ രജിസ്ട്രേഷൻ നടപടികൾക്ക് അനുവദിക്കും
6. രജിസ്ട്രേഷന് ശേഷം ഗൃഹ നിരീക്ഷണത്തിനായി വീടുകളിലേക്ക് പോകാം
''
അതിർത്തിയിൽ സർക്കാർ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. പ്രവേശന പാസ് ലഭിച്ചിട്ടുള്ളവരെ മാത്രമാണ് കടത്തിവിടുന്നത്.
അനിൽ ഫിലിപ്പ്
നോഡൽ ഓഫീസർ