കൊല്ലം: മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് വള്ളത്തിൽ കുഴഞ്ഞുവീണ തൊഴിലാളിയെ തീരദേശ പൊലീസ് രക്ഷിച്ച് കരയിലെത്തിച്ച് ജില്ലാ ആശുപത്രി കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ അനിയൻ വള്ളത്തിലെ തൊഴിലാളി ബേബിയാണ് (59) പരവൂർ പൊഴിക്ക് പടിഞ്ഞാറ് കടലിൽ വള്ളത്തിൽ കുഴഞ്ഞുവീണത്. സഹായാഭ്യർത്ഥന കിട്ടിയ ഉടൻ തീരദേശ പൊലീസ് പട്രോളിംഗ് ബോട്ട് 'യോദ്ധ"യിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ എം.ജി. അനിൽ, സി.പി.ഒ അനി എന്നിവരുടെ നേതൃത്വത്തിൽ അനിയൻ വള്ളം കണ്ടെത്തി ബേബിയെ പൊലീസ് ബോട്ടിൽ കയറ്റുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൊല്ലം പോർട്ടിൽ എത്തിച്ചു. അപ്പോഴേക്കും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങൾ എത്തിയിരുന്നു.
കോസ്റ്റൽ വാർഡൻ അജികുമാർ, ബോട്ട് ജീവനക്കാരായ ബൈജു, ഹരിക്കുട്ടൻ, അജികുമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.