പത്തനാപുരം: ആവണീശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന വർഷങ്ങൾ പഴക്കം ചെന്ന പടുകൂറ്റൻ വാകമരം കടപുഴകി വീണു. പത്തനാപുരം കുന്നിക്കോട് പാതയിലും സമീപത്തെ കാരാട്ട് സുലൈമാന്റെ വീടിന് മുകളിലേക്കുമാണ് മരം പതിച്ചത്. കേരളകൗമുദി ഏജന്റ് സുഗതൻ ചൈതന്യ ഇരുചക്ര വാഹനത്തിൽ ഇതുവഴി കടന്നു പോയതിന് നിമിഷ നേരങ്ങൾക്ക് ശേഷമാണ് മരം വീണത്. ഇതിന് തൊട്ടു മുൻപായി കാറിലും യാത്രികർ കടന്നു പോയിരുന്നു. മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപെട്ടു. ആവണീശ്വരത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അപകട സ്ഥിതിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.