കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവുകൾ വന്നതോടെ കൊല്ലത്തെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. ചാത്തന്നൂർ, കുളത്തൂപ്പുഴ, ശാസ്താംകോട്ട മേഖലകളിലെ ഹോട്ട് സ്പോട്ടുകളിൽ മാത്രമാണ് നിയന്ത്രണങ്ങൾ കർശനമായി തുടരുന്നത്. മറ്റിടങ്ങളിലെല്ലാം നിരത്തുകളിൽ ജനത്തിരക്കേറി.
എല്ലാ വിഭാഗത്തിലുമുള്ള കടകൾ തുറന്നതോടെ വ്യാപാര മേഖലയിലും കെടുതികളിൽ നിന്ന് തിരിച്ച് വരാനുള്ള ശ്രമത്തിലാണ്. കൂടുതൽ തൊഴിലാളികൾക്ക് ജോലി ലഭിച്ച് തുടങ്ങിയെന്നതാണ് ലോക്ക് ഡൗൺ ഇളവുകളുടെ ഏറ്റവും വലിയ പ്രത്യേകത. അസംഘടിത മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് തങ്ങളുടെ പണിയിടങ്ങളിലേക്ക് മടങ്ങിയെത്താനായി.
വസ്ത്രശാലകൾ, ഫാൻസി സ്റ്റോറുകൾ, ജ്യൂസ് വിൽപ്പന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, മൊബൈൽ ഫോൺ കടകൾ, വർക്ക് ഷോപ്പുകൾ, നിർമ്മാണ മേഖല, തൊഴിലുറപ്പ് തുടങ്ങി സർക്കാർ - സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ സുരക്ഷാ മുൻ കരുതലുകളോടെ പ്രവർത്തന സജ്ജമായി തുടങ്ങി. ഇതോടെ ഒരു മാസത്തിലേറെ നീണ്ട തൊഴിൽ നഷ്ടത്തിന് ശേഷം തൊഴിലിടത്തിലേക്ക് വരുന്നവരുടെയും മടങ്ങുന്നവരുടെയും തിരക്ക് നിരത്തിൽ ദൃശ്യമാണ്.
സാമൂഹിക അകലം ഉറപ്പാക്കണം
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കൂടുതൽ ആളുകൾ കൂട്ടത്തോടെ പൊതുനിരത്തിൽ ഇറങ്ങുന്നത് സാമൂഹിക അകലം അട്ടിമറിക്കപ്പെടാൻ ഇടയാക്കരുത്. അങ്ങനെ വന്നാൽ കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം അട്ടിമറിക്കപ്പെടും. ഇളവുകൾ ആഘോഷമാക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിരത്തുകളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ് .
ഇളവുകളിലും ശ്രദ്ധിക്കണം
1. സാമൂഹിക അകലം പാലിച്ചേ പുറത്തിറങ്ങാവൂ
2. പൊതുഇടങ്ങളിൽ വായും മൂക്കും മറച്ച് മാസ്ക് ധരിക്കണം
3. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
4. വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല
5. വാഹന യാത്രക്കാർ നിയമം കർശനമായി പാലിക്കണം
''
നിരത്തുകളിൽ പൊലീസ് നിരീക്ഷണം തുടരുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്.
എസ്.ഹരിശങ്കർ
റൂറൽ എസ്.പി