നഗരത്തിലെ നിയന്ത്രണ മേഖലകളിൽ താമസിക്കുന്നവരുമായി തങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയില്ലാതെ സംവാദിക്കാനുള്ള സവിശേഷമായ ഒരു മാർഗം ചെന്നൈ പൊലീസ് കണ്ടെത്തി- റോബോട്ട് കോപ്പ്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നാണ് ചെന്നൈ, നിരവധി ഹോട്ട്‌സ്പോട്ടുകൾ നഗരത്തിലുണ്ട്. ഇവിടെയാണ് റോബോട്ട് കോപ്പ് സഹായമാകുന്നത്. ഇത് നിയന്ത്രണ മേഖലകളിൽ ശാരീരികമായി പ്രവേശിക്കാതെ പൊലീസിന് അവരുടെ ജോലി ചെയ്യാൻ സഹായിക്കുന്നു. റിമോട്ട് കൺട്രോൾ വഴിയാണ് റോബോട്ടിനെ കൈകാര്യം ചെയ്യുന്നത്, വയർലെസ് കണക്റ്റിവിറ്റി ഉപയോഗിച്ച് ഒരു കിലോമീറ്റർ ദൂരം വരെ ഇത് നിയന്ത്രിക്കാനാകും.
നിരീക്ഷണം, പ്രദേശവാസികളുമായി ആശയവിനിമയം നടത്തുക, പൊലീസ് പട്രോളിംഗ് ഒഴിവാക്കുക എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം കാര്യങ്ങൾ റോബോട്ട് നിറവേറ്റുന്നു. നിരീക്ഷണത്തിനായി ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന കാമറയും ടു-വേ ഇന്റർകോമും ഇതിലുണ്ട്.നേരിട്ട് പരസ്യ പ്രഖ്യാപനങ്ങൾ നടത്തുന്നതിനു പുറമേ പൊതുജനങ്ങളിൽ നിന്നുള്ള ആശയവിനിമയവും പൊലീസിന് കേൾക്കാനാകും.
പൊലീസുകാർക്ക്, ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുന്ന പ്രദേശങ്ങൾക്ക് പുറത്ത് നിന്ന് പ്രദേശവാസികളുമായി സംവാദിക്കാനും സാമൂഹിക അകലം പാലിക്കാനും ഈ വാഹനം സഹായിക്കുന്നു.കസ്റ്റമൈസ്ഡ് റോബോട്ടുകൾ നിർമ്മിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന റോബോത്തോട്ട്സ്, ത്രിഡി ഹോളോഗ്രാം ഫാനുകൾ സൃഷ്ടിക്കുന്ന Sci Fi ഇന്നൊവേഷൻ, മോട്ടോർ വീൽ ചെയറുകൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ കാലിഡായ് മോട്ടോർ വർക്ക്സ് എന്നിവ ചേർന്നാണ് പൊലീസിനായി ഈ റോബോട്ട് നിർമ്മിച്ചത്.