തന്റെ നേട്ടങ്ങളിൽ അമ്മ മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോയ്ക്ക് വലിയ പങ്കുണ്ടെന്ന് എവിടെയും എപ്പോഴും പറയാറുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അമ്മയുടെ അദ്ധ്വാനത്തിലാണ് ഫുട്ബോൾ താരമായതെന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പോർച്ചുഗലിലെ മാതൃദിനത്തിൽ മരിയ അവീറോയ്ക്ക് ഒരു കിടിലൻ സമ്മാനം നൽകിയിരിക്കുകയാണ് മകൻ. സമ്മാനമെന്താണെന്നോ ഒരു മെഴ്‌സിഡസ് ബെൻസ് ജി.എൽ.സി കൂപെ.
ഇത് പക്ഷേ, മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാത്രം സമ്മാനം അല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയും മൂന്ന് ചേട്ടന്മാരും ചേർന്നാണ് മേയ് മാസത്തിലെ ആദ്യ ഞായറാഴ്ച പോർച്ചുഗലിൽ ആഘോഷിക്കുന്ന മാതൃദിനത്തിൽ അമ്മയ്ക്ക് സമ്മാനമായി മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപെ സമ്മാനിച്ചത്.
മക്കൾ സമ്മാനമായി കൊടുത്ത കാറുമായുള്ള ചിത്രം മരിയ അവീറോ തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഇന്ന് എനിക്ക് ലഭിച്ച സമ്മാനങ്ങൾക്ക് എന്റെ കുട്ടികൾക്ക് നന്ദി. മാതൃദിനാശംസകൾ" ചിത്രത്തോടൊപ്പം മരിയ അവീറോ കുറിച്ചു.'എന്റെ ജീവിതത്തിലെ സ്പെഷ്യൽ ആയ രണ്ട് സ്ത്രീകൾക്കും മാതൃദിനാശംസകൾ" എന്ന് അമ്മയോടൊപ്പവും ഗേൾഫ്രണ്ട് ജോർജീന റോഡ്രിഗസിനോടൊപ്പവും ചിത്രങ്ങൾ സഹിതം ക്രിസ്റ്റ്യാനോ റൊണാൾഡോ ഞായറാഴ്ച പോസ്റ്റ് ചെയ്തിരുന്നു. മുമ്പൊരിക്കൽ പോർഷയുടെ സ്പോർട്സ് കാർ ക്രിസ്റ്റ്യാനോ റൊണാൾഡോ അമ്മയ്ക്ക് സമ്മാനിച്ചിരുന്നു.