pic

കൊല്ലം: കൊവിഡിന്റെ ആശങ്കകൾ ഒഴിവാകുന്നതിന്റെ ശുഭലക്ഷണങ്ങളാണ് കൊല്ലത്ത് തുടരുന്നത്. പോസിറ്റീവ് കേസുകളില്ലാതെ ആറ് ദിനങ്ങൾ പിന്നിട്ടു. മൂന്നുപേർ മാത്രമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. അവരും ഉടൻ രോഗമുക്തരാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം 29 നാണ് ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 29ന് കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം കഴിഞ്ഞ ദിവസം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇവരുമായി സമ്പർക്കം പുലർത്തിയവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരും നിരീക്ഷണത്തിൽ കഴിയുന്നവരുമല്ലാതെ റാൻഡം സർവേ മാതൃകയിൽ വിവിധ സ്ഥലങ്ങളിൽ സ്രവങ്ങൾ പരിശോധനയ്ക്കായി ശേഖരിക്കുന്നുണ്ട്. ഈ രീതിയിൽ നടത്തിയ പരിശോധനയിലാണ് മീനാട് സ്വദേശിയായ ആശ പ്രവർത്തകയ്ക്കും ഓച്ചിറയിൽ കഴിഞ്ഞിരുന്ന ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർക്കും കൊവിഡ് കണ്ടെത്തിയത്.

പിന്നീട് ആശാ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ചാത്തന്നൂർ പി.എച്ച്.സിയിലെ രണ്ട് ജീവനക്കാർക്കും ചാത്തന്നൂർ സ്വദേശിയായ 9 വയസുകാരനും സമീപവാസിയായ വൃദ്ധനും രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽപേർ എത്തുന്നുണ്ടെങ്കിലും അതൊന്നും വലിയ പ്രശ്നമാകില്ലെന്നാണ് വിലയിരുത്തൽ. രോഗലക്ഷണമുള്ളവരെ ശക്തമായ നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. അല്ലാത്തവർക്കും നിർബന്ധിത നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ രോഗ വ്യാപനം ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ആരോഗ്യ പ്രവർത്തകർ. ആശങ്കകൾ അയഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതക്കുറവ് വരുത്തരുതെന്നാണ് അധികൃതരുടെ നിർദ്ദേശം.