സോഷ്യൽ മീഡിയയ്ക്ക് ഒരു വിശ്രമവും ഇല്ലാത്ത കാലമാണിത്. അതിനൊപ്പം സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത പല കഥകളും പുറത്തിറങ്ങുന്നുണ്ട്. ചില കഥകൾ വളരെയേറെ രസകരവുമാണ്. അങ്ങനെ യു.കെയിൽ ലോക്ക് ഡൗണിലായ രണ്ട് സുഹുത്തുക്കളുടെ കഥയാണ് ഏറെ വൈറലായിരിക്കുന്നത്.
വടക്കൻ ലണ്ടനിലെ സ്റ്റോക്ക് ന്യൂവിംഗ്ടണിൽ ഒരു അപ്പാർട്ട്‌മെന്റ് പങ്കിടുന്ന സുഹൃത്തുക്കളായ സ്റ്റീവ് പോണ്ടും ടോം ടൗൺസെന്റും ഒരു പബ്ബിന് മുകളിലാണ് താമസിക്കുന്നത്. പബ് ഇപ്പോൾ പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെങ്കിലും രണ്ട് സുഹൃത്തുക്കളും പബ്ബിലാണ് ക്വാറന്റൈനിൽ കഴിയുന്നത്.
രണ്ടുപേരുടേയും ജിവിതം എത്ര ബോറടിയായിരിക്കും എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി.
ബിയർ കുടിച്ചും ചെസ്സ് കളിച്ചും മേൽക്കൂരയിൽ ബാർബിക്യൂ പാചകം ചെയ്തും ആർമാദിക്കുകയാണ് രണ്ടുപേരും. പബ്ബിന്റെ അസിസ്റ്റന്റ് മാനേജറാണ് ടൗൺസെന്റ്. ഇവർക്ക് രണ്ടുപേർക്കും അവരുടെ സ്വന്തം അവസ്ഥയെക്കുറിച്ച് യാതൊരു പരാതികളുമില്ല. എന്നാൽ പുറത്തുപോകാനും സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാനും എല്ലാവരെയും പോലെ ഇവരും ആഗ്രഹിക്കുന്നു. ക്ഷമയോടെ കാത്തിരിക്കുകയാണ് ഇവർ.
തലകീഴായി മേശകൾക്കു മുകളിലായി അടുക്കിവച്ചിരിക്കുന്ന കസേരകളും ഏകാന്തമായ ബാർ കൗണ്ടറുകളുമായി പബ്ബിൽ ശൂന്യതയാണ് അനുഭവപ്പെടുന്നത്. എന്നാൽ രണ്ട് സുഹൃത്തുക്കളും ചേർന്ന് അത് അവിടെ സജീവമായി നിലനിറുത്താൻ ആവുന്നതെല്ലാം ചെയ്യുന്നു. അവർക്ക് അതിന്റെ ബിയർ ടാപ്പുകളിലേക്ക് പ്രവേശനമുള്ളതാണ് സന്തോഷകരമായ കാര്യമെന്ന് അവർ പറയുന്നു. ലോക്ക്ഡൗണ്‍ കാരണം ലണ്ടനിലെ എല്ലാ പബ്ബുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 16 ന് യുകെയിലെ ലോക്ക്ഡൗൺ മൂന്ന് ആഴ്ച കൂടി നീട്ടിയിട്ടുണ്ട്.