നീണ്ട ലോക്ക് ഡൗൺ ദിനങ്ങളിൽ ആളുകൾ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുമ്പോൾ പ്രകൃതി ഒരുക്കിയ ചില ആത്ഭുതങ്ങൾ വാർത്തകളാകുന്നു. പഞ്ചാബിലെ ജലന്ധർ നഗരത്തിൽ നിന്ന് ധൗലാധർ മലനിരകൾ കാണാൻകഴിഞ്ഞ സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായി. ലോക്ക്ഡൗണിനെത്തുടർന്ന് അന്തരീക്ഷത്തിലെ മലിനീകരണം നല്ല രീതിയിൽ കുറഞ്ഞു. ഇതോടെ വിദൂര ദൃശ്യങ്ങൾ വരെ തെളിഞ്ഞു കാണാൻ കഴിയുന്ന അവസ്ഥയാണ്. യുപിയുടെ സഹാറൻപൂരിൽ നിന്ന് ഗംഗോത്രി പർവതനിരകളുടെ ഉയർന്ന വെളുത്ത കൊടുമുടികൾ കാണാം.
മറ്റൊരു അവിശ്വസനീയമായ കാഴ്ചയാണ് ഇപ്പോൾ ചർച്ചാ വിഷയം. ബീഹാറിലെ ഒരു ഗ്രാമത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടി കാണാമത്രേ. രാജ്യത്തെ വിസ്മയിപ്പിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ഇത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പർവീൻ കസ്വാൻ തന്റെ ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചപ്പോഴാണ് സോഷ്യൽ മീഡിയ ഇതേറ്റെടുത്തത്. എന്നാൽ, ഈ സംഭവം ആദ്യം പുറത്തുവിട്ടത് ഗ്രാമത്തിലെ ഗ്രാമ പഞ്ചായത്ത് മുഖ്യയായ റിഥു ജയ്‌സ്വാലായിരുന്നു. ഗ്രാമീണർക്ക് ഇപ്പോൾ അവരുടെ ടെറസുകളിൽ നിന്ന് എവറസ്റ്റ് കൊടുമുടി കാണാനാകുമെന്നായിരുന്നു ഫോട്ടോയോടൊപ്പം അവർ എഴുതിയത്. ഏറെ ആവേശകരമായ നിമിഷമാണിതെന്നും അവർ കുറിച്ചു.. ആൾക്കാരെ വീടുകൾക്കുള്ളിലിരുത്തിയപ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ പ്രകൃതിയിൽ സംഭവിച്ചു. പുഴകളിലെ വെള്ളം തെളിഞ്ഞു, ബീച്ചുകൾ വൃത്തിയായി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യവും കിട്ടി..