കൊല്ലം: പൊലീസ് സ്റ്റേഷനിലെത്തി ഗ്രേഡ് എസ്.ഐയെ മർദ്ദിച്ചു, സാഹസികമായി പൊലീസ് പ്രതികളെ കീഴ്പ്പെടുത്തി. അഞ്ചൽ ഏരൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വാഹിദിനെയാണ് മർദ്ദിച്ചത്. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഒരു ജീപ്പ് അമിത വേഗതയിൽ വിട്ടുപോയി. പൊലീസ് സംഘം ജീപ്പിനെ പിൻതുടർന്ന് കസ്റ്റഡിയിലെടുത്തു. ഇതിന്റെ വിവരങ്ങളറിയാൻ ഉടമയായ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ നിലാവിൽ സുരാജും മകൻ അഹമ്മദ് സുരാജും പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് സ്റ്റേഷനിൽ വച്ച് ഗ്രേഡ് എസ്.ഐ വാഹിദുമായി വാക്കേറ്റമുണ്ടാക്കുകയും മർദ്ദിക്കുകയുമായിരുന്നു. കൂടുതൽ പൊലീസുകാരെത്തി ഇരുവരെയും കീഴ്പ്പെടുത്തി. എസ്.ഐയെ മർദ്ദിച്ചതും ജോലി തടസപ്പെടുത്തിയതുമടക്കം നിരവധി വകുപ്പുകൾ ചേർത്ത് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.