qac
രാജ്മോഹനും കുടുംബവും

പഴയ കെ.എസ്.യുക്കാരന്റെ യൗവ്വനമാണ് ഇപ്പോഴും ആർ. രാജ്മോഹന്റെ മനസിന്. പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുമ്പോൾ അർഹതയുണ്ടായിട്ടും തഴയപ്പെടുന്നതിൽ സങ്കടമില്ലാത്ത തനി കോൺഗ്രസുകാരൻ.

ഓർമ്മകളുടെ താളുകൾ മറിച്ച് രാജ്മോഹൻ പഴയ തീപ്പൊരിക്കാലം ഓർത്തെടുക്കും. കാത് പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ച നാളുകൾ. പൊലീസ് ബൂട്ടുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന കൊട്ടിയം എസ്.എൻ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസ കാലം. അന്ന് കെ.എസ്.യുവിന്റെ താലൂക്ക് പ്രസിഡന്റാണ്. പോളിടെക്‌നിക്കിലെ കോളേജ് യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറിയും ജനറൽ സെക്രട്ടറിയുമായി. അങ്ങനെയിരിക്കെ പൊളിടെക്‌നിക്കുകളിൽ പാർട്ട് ടൈം എൻജിനീയറിംഗ് കോഴ്സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹന്റെ നേതൃത്വത്തിൽ തുടങ്ങിയ സമരം തെരുവിലേക്ക് വ്യാപിച്ചു. ടെലിഫോൺ പോസ്റ്റ് റോഡിന് കുറുകെ ഇട്ട് അന്നത്തെ ഗവർണർ ജെയിന്റെ വാഹനം തടഞ്ഞു. വലിയ കേസായതോടെ ഒളിവിൽ പോയി. പൊലീസ് പിടികൂടി ക്രൂരമായി മർദ്ദിച്ചു. അന്ന് എം.എൽ.എ ആയിരുന്ന ആർ.എസ്. ഉണ്ണി ഇടപെട്ടാണ് കേസ് പിൻവലിപ്പിച്ചത്.

ജയിലിൽ നിന്നിറങ്ങി സമരം സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റി. രണ്ടുമാസം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കെല്ലാം സമരം വ്യാപിച്ചു. സംസ്ഥാന തലത്തിൽ പോളി കലോത്സവവും സ്പോർട്സ് ഫെസ്റ്റിവലും സമരത്തിന്റെ മുദ്രാവാക്യമായി കൂട്ടിച്ചേർത്തു. സർക്കാർ അനങ്ങാതായതോടെ മന്ത്രിമാരായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും ഗൗരി അമ്മയുടെയും കാറുകൾ തടഞ്ഞു. പൊലീസ് അതിക്രൂരമായി മർദ്ദിച്ചു. എന്നിട്ടും സമരം അവസാനിപ്പിച്ചില്ല. ഒടുവിൽ സർക്കാർ മുട്ടുമടക്കി. ആവശ്യങ്ങൾ അംഗീകരിച്ചുള്ള ധാരണാപത്രത്തിൽ വിദ്യാർത്ഥി പ്രതിനിധിയായി ഒപ്പുവച്ചത് രാജ്മോഹനായിരുന്നു.

അന്ന് കെ.എസ്.യുവിൽ രാജ്മോഹനൊപ്പം പ്രവർത്തിച്ചവരെല്ലാം പിന്നീട് മന്ത്രിമാരും കെ.പി.സി.സി നേതാക്കളുമായി. രാജ്മോഹനെ ഉയർത്തി വിടാൻ ആളുണ്ടായില്ല. നിരാശനാകാതെ പ്രാദേശിക തലത്തിൽ യൂത്ത് കോൺഗ്രസ് കെട്ടിപ്പടുത്തു. യൂത്ത് കോൺഗ്രസിന്റെ കൊല്ലം ബ്ലോക്ക് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായി. മുണ്ടയ്ക്കൽ മിഡിൽ വാർഡിൽ നിന്ന് 1979 മുതൽ 1995 വരെ തുടർച്ചയായി മുനിസിപ്പൽ കൗൺസിലറായി. ഒരു വർഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി. മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട എല്ലാ യൂണിയനുകളുടെയും ജനറൽ സെക്രട്ടറിയായി. കരുമാലിൽ സുകുമാരനായിരുന്നു പ്രസിഡന്റ്. 1989 ൽ ഐ.എൻ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറിയും പിന്നീട് ജില്ലാ വൈസ് പ്രസിഡന്റുമായി.

ഗുരു തെളിച്ച വഴിയേ

തികഞ്ഞ ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനുമാണ് രാജ്മോഹൻ. 1970 മുതൽ പട്ടത്താനം ശാഖാ പ്രവർത്തകനാണ്. 20 വർഷമായി എസ്.എൻ ട്രസ്റ്റ് ബോർഡംഗമാണ്. ഉല്പന്ന പിരിവ് കൊടുത്ത് എസ്.എൻ ട്രസ്റ്റിൽ വോട്ടവകാശം ലഭിച്ചവരിൽ ഇപ്പോഴുള്ള ചുരുക്കം പേരിൽ ഒരാളാണ്. ഒരു ടേം യൂണിയൻ പഞ്ചായത്തംഗമായി. പട്ടത്താനം ആർ. ശങ്കർ മെമ്മോറിയൽ ശാഖ രൂപീകരിച്ച് 15 വർഷം ശാഖാ പ്രസിഡന്റായിരുന്നു. കൊല്ലം ശാരദാമഠം പുനരുദ്ധാരണ ഉപദേശക സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. അക്കാലത്താണ് ശാരദാമഠത്തിന്റെ നവീകരണം തുടങ്ങിയത്. ഇപ്പോൾ വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസി‌ഡന്റാണ്. 22 വർഷമായി ക്വയിലോൺ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബോർഡംഗമാണ്. 26 വർഷമായി മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർടസ് ക്ലബ് പ്രസിഡന്റുമാണ്.

കുടുംബം

കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ രാമകൃഷ്ണാലയത്തിലാണ് താമസം. 1947 സെപ്തംബർ 29ന് എച്ച് ആൻഡ് സിയിലെ ഡ്രാഫ്റ്റ്സ്‌മാനായ പി. രാമകൃഷ്ണന്റെയും പോസ്റ്റ്മിസ്ട്രസ് എൻ. നളിനിയുടെയും മൂന്നാമത്തെ മകനായി ജനനം. ക്രിസ്തുരാജിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എസ്.എൻ കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠന ശേഷമാണ് കൊട്ടിയം പോളിടെക്‌നിക്കിൽ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ളോമ കോഴ്സിന് ചേർന്നത്. 55 വർഷമായി ഹോട്ടൽ രംഗത്താണ്. ശാരദാമഠത്തിന് സമീപം മോഹൻസ് ടീ ലാൻഡ് നടത്തുന്നു.

എസ്.എൻ വനിതാ കോളേജിൽ നിന്ന് സെലക്ഷൻ ഗ്രേഡ് ലക്ചററായി വിരമിച്ച പ്രൊഫ. രാധാദേവിയാണ് ഭാര്യ. മകൻ രാജേഷ് കണ്ണൻ രാജ്മോഹൻ കാനഡയിൽ സോഫ്ട് വെയർ എൻജിനീയർ. മകൾ ഡോ. ലക്ഷ്മി രാജ്മോഹൻ കോഴിക്കോട് ഗവ. വിമൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്. ഷാമിന ഷെറീഫ്, അനിൽ എന്നിവർ മരുമക്കൾ. സ്വറ്റ്ലാന, റാംകൃഷ്, ശ്രദ്ധ, കേശവ് എന്നിവർ ചെറുമക്കൾ.

മുൻ ജില്ലാ കൗൺസിലറും മുനിസിപ്പൽ കൗൺസിലറും എസ്.എൻ കോളേജ് അദ്ധ്യാപികയും ആയിരുന്ന ഡോ. ലതികാഭായി, മല്ലിക, കേരള ജൂനിയർ ഫുട്ബാൾ ടീം ഗോളിയായിരുന്ന രാംരാജ്, ബീന, എസ്.എൻ വനിതാ കോളേജിലെ റിട്ട. സുവോളജി അദ്ധ്യാപിക ഡോ. ബിന്ദു എന്നിവർ സഹോദരങ്ങൾ.