കൊല്ലം: രാഗസുധാരസം തൂകും പുല്ലാങ്കുഴൽ വാദനത്തിലൂടെ സുഭാഷ് ചന്ദ് നാടിന്റെ കാതുകൾക്ക് കുളിർമഴയാകുകയാണ്. ക്ഷേത്ര നടയിലും ലൈബ്രറിയിലും പാടവരമ്പത്തും വീട്ടിലുമൊക്കെയായി സുഭാഷ് ചന്ദിന്റെ പുല്ലാങ്കുഴലിൽ നാദം ഉയരുമ്പോൾ കൂട്ടുകാർ അടുത്തുകൂടും. പ്രണയത്തിന്റെയും ശോകത്തിന്റെയും നാദവിസ്മയത്തിൽ അവർ കണ്ണും കാതും കൂർപ്പിച്ചിരിക്കും. ആവശ്യപ്പെടുന്ന പാട്ടുകൾ വായിച്ചു കേൾപ്പിക്കും.
കാൽ നൂറ്റാണ്ട് മുമ്പാണ് കൊട്ടാരക്കര കോട്ടാത്തല പണയിൽ ചിറ്റിച്ചിൻകാല വീട്ടിൽ സുഭാഷ് ചന്ദിന് ഓടക്കുഴലിനോട് കമ്പം തോന്നിയത്. ശബരിമല ദർശനത്തിന് പോയപ്പോൾ വഴിയോരത്തെ വിൽപ്പനക്കാരന്റെ പുല്ലാങ്കുഴൽ വാദനം ശ്രദ്ധിച്ച കൂട്ടുകാരായ ശ്രീകുമാറും ശ്രീജിത്തും ഓരോ ഓടക്കുഴൽ വാങ്ങി. മടക്കയാത്രയിൽ എല്ലാവരും ഓടക്കുഴലിൽ ഊതി ശബ്ദം കേൾപ്പിച്ചപ്പോൾ വല്ലാത്തൊരു അഭിനിവേശം ആ മുളംതണ്ടിനോട് തോന്നി. തൊട്ടടുത്ത ദിവസം ഈറ വെട്ടി കമ്പി പഴുപ്പിച്ച് സുഷിരങ്ങളിട്ട് പുല്ലാങ്കുഴൽ തയ്യാറാക്കി. അതുമായി നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരൻ സാന്റോ സന്തോഷിന്റെ അടുത്തെത്തി.
പുല്ലാങ്കുഴൽ വായിക്കാറുള്ള സാന്റോ സന്തോഷിനോട് തന്റെ ആഗ്രഹം അറിയിച്ചു. ഇരുവരും കോട്ടാത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി. കൃഷ്ണ സാന്നിദ്ധ്യത്തിൽ പുല്ലാങ്കുഴലെടുത്തു. നിരന്തര പരിശ്രമത്തിനൊടുവിൽ ക്ഷേത്ര സന്നിധിയിൽ തന്നെ സുഭാഷ്ചന്ദ് കീർത്തനം പഠിച്ചു. പിന്നീട് ലോക പ്രസിദ്ധനായ ഹുമാൻഷു നന്ദയടക്കമുള്ളവരുടെ ശിക്ഷണത്തിൽ പുല്ലാങ്കുഴലിൽ നടത്തിയ പഠനം ഇപ്പോഴും തുടരുകയാണ്. സിനിമാ ഗാനങ്ങളാണ് കേഴ്‌വിക്കാർക്കിഷ്ടം. കൂട്ടുകാരും വീട്ടുകാരും അധികവും പാടിക്കുന്നതും അത്തരം ഗാനങ്ങളാണ്. നെടുവത്തൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് കൂടിയായ സുഭാഷ്ചന്ദ് കരാട്ടെ പരിശീലകനുമാണ്. ഗ്രന്ഥശാല സെക്രട്ടറിയായും പൊതുപ്രവർത്തകനായും നിറഞ്ഞ് നിൽക്കുമ്പോഴും പുല്ലാങ്കുഴലെടുക്കാൻ സമയം കണ്ടെത്തും. ആത്മ സമർപ്പണത്തോടെ അതിൽ ശ്വാസം നിറച്ച് മധുരഗാനങ്ങൾ പൊഴിക്കുമ്പോൾ എല്ലാം മറക്കും.