swathy

സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്കെതിരെ വിമർശനവുമായി നടി സ്വാതി റെഡ്ഡി. സ്വാതിയുടെ പേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഇഷ്ടംപോലെ വ്യാജ അക്കൗണ്ടുകളുണ്ട്.ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും എന്നാൽ വീട്ടിലിരിക്കുന്ന താൻ അവരെക്കൊണ്ട് പൊറുതിമുട്ടി എന്നുമാണ് സ്വാതി പറയുന്നത്. ഇൻസ്റ്റ​ഗ്രാമിലെ ഒഫിഷ്യൽ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വ്യാജ അക്കൗണ്ട് വിവരങ്ങളും സ്വാതി പോസ്റ്റുചെയ്തിട്ടുണ്ട്..

സ്വാതി റെ‍ഡ്ഡിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

'' ഒരു ആഴ്ചയ്ക്ക് ശേഷം ഞാൻ ഇൻസ്റ്റഗ്രാം നോക്കിയപ്പോഴാണ് ഈ ട്വിറ്റർ അക്കൗണ്ട് കണ്ടത്. ഈ അക്കൗണ്ട് എന്റേതല്ല. ഞാൻ ട്വിറ്ററിൽ ഇല്ല. ഇനി ഉണ്ടാവുകയുമില്ല. ഫേസ്ബുക്കിലും ഞാനില്ല. 2011 ലാണ് അത് ഞാൻ ഉപേക്ഷിച്ചത്. (മറ്റൊരാൾ ഹാൻഡിൽ ചെയ്തിരുന്ന ഒരു ഫേസ്ബുക്ക് പേജ് എനിക്കുണ്ടായിരുന്നു. ഇപ്പോൾ അതും പ്രവർത്തിക്കുന്നില്ല.) ഞാൻ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.

വ്യാജ അക്കൗണ്ടുകൾ എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി. ഈ അക്കൗണ്ടുകൾ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങൾ ആരാണ് ബോസ്? നിങ്ങൾക്ക് ട്വിറ്റർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച്‌ നിങ്ങൾ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള കഴിവില്ല. ഇതൊന്നും വലിയ കാര്യമല്ലെന്ന് എനിക്കറിയാം. ഇപ്പോൾ വീട്ടിലിരുന്ന് വ്യാജന്മാരെക്കുറിച്ചറിഞ്ഞ് ഞാൻ മടുത്തു. എനിക്കു തന്നെ പൂർണമായി ഓൺലൈനിൽ ഇരിക്കാൻ സമയമില്ല. അപ്പോഴാണ് എന്റെ വ്യാജ പ്രൊഫൈലിനായി സമയം കളയാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. വ്യാജ പ്രൊഫെെൽ, വ്യാജവാർത്തകൾ, വ്യാജ പോസ്റ്റുകൾ, വ്യാജമായ റിലേഷൻഷിപ്പ് സ്റ്റാറ്റസുകൾ, വ്യാജ ചിത്രങ്ങൾ, വ്യാജമായ പോസിറ്റീവ് എനർജി. ഇതൊന്നുമില്ലാത്ത 1990 കളിലേക്ക് എന്നെ തിരികെ കൊണ്ടുപോകൂ. അന്ന് ലാൻഡ്‌ലൈൻ ഫോണുകളാണുള്ളത്, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വെെദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റെെൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എ​ഗ് പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നു''.