കൊല്ലം: തുമ്പ വിക്രം സാരാഭായി സ്‌പെയ്സ് സെന്ററിലെ ആവശ്യങ്ങൾക്കായി മഹാരാഷ്ട്രയിൽ നിന്ന് കടൽമാർഗം എത്തിച്ച ഉപകരണങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കൊല്ലം തുറമുഖത്ത് ഇറക്കി. ഏപ്രിൽ 11നാണ് സാഗർ 251 എന്ന ബാർജും സാഗർ പ്രിൻസ് എന്ന ടഗും എത്തിയത്. തുമ്പ വിക്രം സാരാഭായി സ്‌പെയ്സ് സെന്ററിന് അനുബന്ധമായി നിർമ്മിച്ചിരുന്ന റോറോ ജെട്ടിയിൽ ബാർജും ടഗും അടുപ്പിച്ച് ഉപകരണങ്ങൾ ഇറക്കാനായിരുന്നു പദ്ധതി. എന്നാൽ കാലാവസ്ഥയും കടലും അനുകൂലമല്ലാത്തതിനാൽ ബാർജും ടഗും അടുപ്പിക്കാനായില്ല. ഇതിനിടെ ഇന്ധനം നിറയ്ക്കുന്നതിനായാണ് കൊല്ലം തുറമുഖത്ത് എത്തിയത്. റോറോ ജെട്ടിയിലേക്ക് പോയാലും ഉപകരണങ്ങൾ ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് സാഹചര്യങ്ങൾ അനുകൂലമായ കൊല്ലം തുറമുഖത്ത് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.
നടപടിക്രമങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായതോടെ ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഉപകരണങ്ങൾ ബാർജിൽ നിന്ന് ഇറക്കി തുടങ്ങിയത്. ബാർജും ടഗും കൊല്ലം തീരത്ത് അടുത്തത് അറിഞ്ഞ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ടഗിലെ പത്ത് ജീവനക്കാരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. ഫലം നെഗറ്റീവായതോടെ നടപടി ക്രമങ്ങൾക്ക് ആരോഗ്യ വകുപ്പും പച്ചക്കൊടി കാട്ടി. ബാർജിലെ സാധനങ്ങൾ ഇറക്കാനായി മുംബയിൽ നിന്ന് തുമ്പയിലെ റോറോ ജെട്ടിയിലെത്തിച്ച രണ്ട് കൂറ്റൻ ലോറികളും കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിച്ചിരുന്നു. ഈ ലോറികളുടെ സഹായത്തോടെയാണ് സാധനങ്ങൾ ഇറക്കിയത്. ഇന്നോ നാളെയോ തുമ്പയിലെ വിക്രം സാരാഭായി സ്പെയ്സ് സെന്ററിലേക്ക് ലോറികൾ തിരിക്കും.
കടലോളം
സാദ്ധ്യത
മറ്റു പല തുറമുഖങ്ങളെ അപേക്ഷിച്ച് മികച്ച ഭൗതിക സാഹചര്യങ്ങളും സാദ്ധ്യതകളും കൊല്ലം തുറമുഖത്തിനുണ്ട്. കൊല്ലത്തിന് ആവശ്യമായ കശുഅണ്ടി, ടൈൽ ഉൾപ്പെടെയുള്ളവ ഇപ്പോൾ കടൽ മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം കൊല്ലത്ത് എത്തിക്കുകയാണ്. ഇതിനു പകരം ചരക്കു കപ്പലുകൾ കൊല്ലത്തേക്ക് നേരിട്ട് എത്തിക്കാനുള്ള ചർച്ചകൾ നടന്നെങ്കിലും ഫലവത്തായില്ല. ലക്ഷദ്വീപിൽ നിന്നുള്ള യാത്രാ കപ്പലുകളെക്കുറിച്ച് നടന്ന ചർച്ചകളും നീരണിഞ്ഞില്ല.