സർക്കാർ സഹായമില്ലാതെ ഓടിക്കയറനാവില്ല
കൊല്ലം: ജില്ലയിലെ എണ്ണൂറിലേരെ സ്വകാര്യ ബസുകളുടെ ഉടമകൾക്കും 2,400ലേറെ തൊഴിലാളികൾക്കും സർക്കാർ സഹായമില്ലാതെ ലോക്ക് ഡൗൺ ദുരിതങ്ങളിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് ഓടിക്കയറാനാവില്ല. മാർച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ ജില്ലയിലെ 400 ലറെ ബസുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു.
കൊവിഡ് വ്യാപന ഭീതി കാരണം യാത്രക്കാരുടെ എണ്ണം 60 ശതമാനത്തിലേറെ കുറഞ്ഞപ്പോൾ നഷ്ടം സഹിക്കാനാകാതായിരുന്നു സർവീസുകൾ നിറുത്തിയത്. ചാർജ് വർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 11 മുതൽ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോഴാണ് സംസ്ഥാനം കൊവിഡ് ഭീതിയുടെ നിഴലിലായത്.
ഇതോടെ പണിമുടക്ക് ഉപേക്ഷിച്ച് അവശ്യ സർവീസിന്റെ ഭാഗമാവുകയായിരുന്നു. 17ന് ലോക്ക് ഡൗൺ അവസാനിച്ചാലും സർക്കാർ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ബസുകൾക്ക് സർവീസ് പുനരാരംഭിക്കാൻ കഴിയൂ. അപ്പോഴും കൊവിഡ് ജാഗ്രതയുടെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളെ ജനങ്ങൾ ആശ്രയിക്കാനുള്ള സാദ്ധ്യത കുറവാണ്.
കണക്കെടുക്കാനാകാത്ത നഷ്ടം
ഒന്നര മാസത്തിലേറെയായി നിറുത്തിയിട്ടിരിക്കുന്ന ബസുകളുടെ ബാറ്ററികൾ പൂർണമായും നശിച്ചു. അറ്റകുറ്റപ്പപണികൾ ഇല്ലാതെ സർവീസ് പുനരാരംഭിക്കാൻ കഴിയില്ല. ബസുടമകളിൽ മിക്കവരും ബാങ്ക് ലോണുകളുടെ ബലത്തിൽ വ്യവസായം നടത്തുന്നവരാണ്. കടം പെരുകി പ്രതിസന്ധി രൂക്ഷമാവുകയാണ്. ബസുകളിൽ 2,400 ലേറെ തൊഴിലാളികളും ടയർ കടകൾ, വർക്ക് ഷോപ്പ് എന്നിങ്ങനെ അനുബന്ധ തൊഴിൽ മേഖലയിൽ രണ്ടായിരത്തിലേറെ തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. ഇവരുടെയെല്ലാം കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്. അവശ്യമരുന്നുകൾ വാങ്ങാൻ പോലും ഇവർക്ക് ഗതിയില്ല
സ്വകാര്യബസുകൾ: 400
ബസ് ഉടമകൾ: 800
തൊഴിലാളികൾ: 2,400
അനുബന്ധ തൊഴിലാളികൾ: 2,000
പകുതി യാത്രക്കാരുമായി പോകാനാവില്ല
ലോക്ക് ഡൗണിന് ശേഷം ബസ് സർവീസ് പുനരാരംഭിക്കുമ്പോൾ അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കാവൂ എന്നാണ് സർക്കാർ നിലപാട്. രണ്ടുപേർ ഇരിക്കുന്ന സീറ്റിൽ ഒരാൾക്ക് മാത്രമായിരിക്കും ഇരിക്കാൻ അനുമതി. പൊതുവെ പ്രതിസന്ധി നേരിടുന്ന വ്യവസായത്തിൽ പകുതി യാത്രക്കാരുമായി സർവീസ് നടത്തുകയെന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്.
ബസുടമകൾ ആവശ്യപ്പെടുന്നത്
1. റോഡ് ടാക്‌സ് പൂർണമായും ഒഴിവാക്കണം
2. ഡീസൽ പകുതി വിലയ്ക്ക് നൽകണം
3. ക്ഷേമനിധി വിഹിതം അടയ്ക്കുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണം
4. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടുക
5. ലോക്ക് ഡൗണിന് ശേഷം അറ്റകുറ്റപണികൾക്ക് ആവശ്യമായ തുക പലിശ രഹിത വായ്പയായി നൽകുക
6. ലോക്ക് ഡൗൺ ദിവസങ്ങളുടെ അത്രയും ദിവസം വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം കാലാവധിയിൽ നീട്ടി നൽകണം
''
സർക്കാർ സഹായം ഇല്ലാതെ വ്യവസായം മുന്നോട്ട് പോകില്ല. സർക്കാരിന് മുമ്പിൽവച്ച ആവശ്യങ്ങൾ അംഗീകരിക്കണം.
ലോറൻസ് ബാബു.
ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ്
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ