കൊല്ലം: ഡോക്ടറായ മകളുടെ വിവാഹ ചെലവുകൾക്കായി കരുതി വെച്ചിരുന്ന പണത്തിൽ നിന്ന് ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഡോക്ടർ മാതൃകയായി. പ്രമുഖ അസ്ഥിരോഗ വിദഗ്ദനും ആലപ്പുഴ വണ്ടാനം സർക്കാർ ടി.ഡി.മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പ്രൊഫസറുമായ മൈലക്കാട് ഷെറിൻ വില്ലയിൽ ഡോ.എ.എം.ജോർജ്ജ് കുട്ടിയാണ് മകൾ ഡോ. സ്വീറ്റി ജോർജ്ജിന്റെ വിവാഹ ചെലവുകൾക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വരുന്ന തിങ്കളാഴ്ച മൈലക്കാട് ദേവാലയത്തിൽ വച്ചാണ് മകൾ സ്വീറ്റി മേരി ജോർജും ചന്ദനത്തോപ്പ് സ്വദേശിയായ അമേരിക്കൻ ഓയിൽ കമ്പനിയിൽ എൻജിനീയർ ജിജോ ഡെന്നീസും തമ്മിലുള്ള വിവാഹം നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ആർഭാടങ്ങൾ ഒഴിവാക്കി നാമമാത്രമായ ആളുകളുടെ സാന്നിധ്യത്തിൽ വിവാഹം നടത്താനാണ് തീരുമാനം. രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ട് കടവൂർ പള്ളിയിൽ വച്ച് വിവാഹവും ലാലാസ് കൺവെൻഷൻ സെന്ററിൽ വച്ച് വിവാഹ സത്കാരവും നടത്തുന്നതിനായി തീരുമാനിച്ച് ഒരുക്കങ്ങൾ നടന്നുവരവെയാണ് കൊവിഡ് നിയന്ത്രണങ്ങളെത്തിയത്. തുടർന്ന് ഭാര്യ മിനി ജോർജ്, മക്കളായ സ്വീറ്റി, സനൽ, ഷെറിൻ മേരി എന്നിവരുമായി ആലോചിച്ച് വിവാഹ ചെലവുകൾക്കുള്ള രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തിരുമാനിച്ചു. എം.മുകേഷ് എം.എൽ.എ ഇവരുടെ വീട്ടിലെത്തി രണ്ടു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോയ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർളി സ്റ്റീഫൻ, സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു.