mahesh

ഓച്ചിറ: കൊവിഡ് 19 ബാധിച്ച് നിര്യാതനായ പ്രവാസിയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചുമതല കോൺഗ്രസ് ഏറ്റെടുത്തു. അബുദാബിയിൽ മരണമടഞ്ഞ ക്ലാപ്പന കളീക്കൽത്തറയിൽ ശ്രീനിവാസന്റെ (45) മക്കളായ ശ്രീഹരിയും (14)ശിവഗംഗയും (8) ഇനി പഠിക്കുന്നതും വളരുന്നതും കോൺഗ്രസ് പാർട്ടിയുടെ സഹായത്തോടെയാകും. വിദ്യാഭ്യാസ ചെലവുകൾക്കുള്ള ആദ്യ ഗഢുവായ പതിനായിരം രൂപ കെ.പി.സി.സി ജന. സെക്രട്ടറി സി.ആർ. മഹേഷ് ശ്രീനിവാന്റെ വിധവയെ ഏൽപ്പിച്ചു. ശ്രീനിവാസന്റെ കുടുംബത്തിന് താമസിക്കാൻ അനുയോജ്യമായ വീടില്ലെന്നറിഞ്ഞ് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ വിളിച്ചു ചേർത്ത കുടുംബശ്രീ യൂണിറ്റുകളുടെ യോഗം വീട് നിർമ്മിച്ച് നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ മാതൃകാപരമായ നടപടി. രണ്ട് വർഷം മുമ്പ് ശ്രീനിവാസൻ നാട്ടിലെത്തിയപ്പോൾ വീട് പണിയുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ഫൗണ്ടേഷൻ മാത്രമേ പൂർത്തിയായിരുന്നുള്ളൂ. ഭാര്യ സരിതയെയും മക്കളെയും ഒരു തകര ഷെഡിൽ താമസിപ്പിച്ചിട്ട് ശ്രീനിവാസൻ വീണ്ടും ഗൾഫിലേക്ക് മടങ്ങുകയായിരുന്നു.അതിനിടെയാണ് ശ്രീനിവാസൻ കൊവിഡ് ബാധിച്ച് മരിച്ചത്. മക്കളായ ശ്രീഹരിയുടെയും ഓട്ടിസം ബാധിച്ച ഇളയ മകൾ ശിവഗംഗയുടെയും ചികിത്സയും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ജീവിതം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ വിഷമിച്ച കുടുംബത്തിന് ആശ്വാസം നൽകുന്നതാണ് പഞ്ചായത്തിന്റെയും കോൺഗ്രസിന്റെയും നടപടികൾ. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാല്‍, മണ്ഡലം പ്രസിഡന്റ് ആർ. സുധാകരൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.പി. സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിൻഷാ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ബിബിൻ രാജ്, റഫീക്ക് ക്ലാപ്പന, സി.എം ഇക്ബാൽ, ഒ.ഐ.സി.സി പ്രസിഡന്റ് മണലിൽ മന്മഥൻ എന്നിവർ പങ്കെടുത്തു.