കൊല്ലം: ജില്ലയിലെ സ്വർണക്കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറി എസ്. പളനി എന്നിവർ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന് നിവേദനം നൽകി.
45 ദിവസത്തിലധികമായി അടച്ചിട്ടിരിക്കുന്നതിനാൽ ചെറുകിട സ്വർണ വ്യാപാരികൾ വളരെയേറെ ബുദ്ധിമുട്ടിലാണെന്നും അവരെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരും കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും നേതാക്കൾ കളക്ടറെ ധരിപ്പിച്ചു.
അനുമതി നൽകിയാൽ സർക്കാർ നിർദ്ദേശിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മാത്രമേ ചെറുകിട സ്വർണ വ്യാപാരശാലകൾ പ്രവർത്തിക്കുകയുള്ളുവെന്ന് അവർ കളക്ടർക്ക് ഉറപ്പ് നൽകി. ജില്ലയിലെ പല സ്ഥലങ്ങളും ഹോട്ട് സ്പോട്ട് ആയതിനാലാണ് സ്വർണ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി വൈകുന്നതെന്നും സാഹചര്യങ്ങൾ അവലോകനം ചെയ്ത് ഉടൻ സ്വർണക്കടകൾ തുറക്കാൻ അനുമതി നൽകുമെന്നും കളക്ടർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. എം.എൽ.എമാരായ എം. നൗഷാദ്, എം. ജയലാൽ എന്നിവർക്കും നേതാക്കൾ നിവേദനം നൽകി.