കൊല്ലം : ശാസ്ത്ര മത്സരത്തിൽ പങ്കടുത്ത് സമ്മാനമായി നേടിയ സ്വർണ നാണയങ്ങൾ കൊവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയാകുന്നു. സഹോദരങ്ങളായ അജ്മൽ റഷീദ്, ആദിൽ റഷീദ് എന്നിവരും അഞ്ജന എസ്. ബിജുവുമാണ് സ്കൂൾ പ്രിൻസിപ്പൽ രേഖാ പ്രസാദിനൊപ്പം എത്തി കളക്ടർ ബി. അബ്ദുൾ നാസറിന് സ്വർണ നാണയങ്ങൾ കൈമാറിയത്. കുട്ടികളുടെ ആഗ്രഹം അറിഞ്ഞ രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടാണ് കളക്ടറെ നേരിട്ടു കാണാൻ അവസരമൊരുക്കിയത്. കഴിഞ്ഞ പ്രളയകാലത്ത് 10 ലക്ഷം രൂപയും 12 ലക്ഷത്തോളം രൂപയുടെ അവശ്യ സാധനങ്ങളും പള്ളിമൺ സിദ്ധാർത്ഥയിലെ കുട്ടികൾ സമാഹരിച്ചു നൽകിയിരുന്നു.