vatti

 തൊഴിലാളികളുടെ മടങ്ങിവരവ് എളുപ്പമാകില്ല

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും ജില്ലയിലെ പരമ്പരാഗത തൊഴിൽ മേഖലയുടെ മടങ്ങിവരവ് എളുപ്പമാകില്ല. ഈറ്റകൊണ്ട് കൊട്ടയും വട്ടിയും തഴകൊണ്ട് പായയും മറ്റ് നെയ്‌ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തൊഴിലാളികൾ ഇപ്പോഴും ജില്ലയിൽ ധാരാളമുണ്ട്. സംഘടിത തൊഴിൽ മേഖല അല്ലാത്തതിനാൽ പലപ്പോഴും സർക്കാർ സമാശ്വാസങ്ങളുടെ പട്ടികയ്ക്ക് പുറത്താണ് ഇവരിൽ മിക്കവരും. മുറം, വട്ടി, പായ എന്നിവയുടെ നിർമ്മാണത്തിലായിരുന്നു പഴയ തലമുറ പ്രാവീണ്യം നേടിയതെങ്കിൽ ഈറ്റയും മുളയുമൊക്കെ ഉപയോഗിച്ച് ആകർഷണീയമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലാണ് പുതിയ തലമുറയ്ക്ക് താൽപ്പര്യം.

ഗ്രാമീണ ചന്തകളായിരുന്നു മുറം മുതൽ പായവരെയുള്ള ഉൽപ്പന്നങ്ങളുടെ പ്രധാന വിപണന കേന്ദ്രങ്ങൾ. ലോക്ക് ഡൗണിൽ അടഞ്ഞുപോയ ചന്തകൾ ഇനിയെന്ന് സജീവമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുവരെ വിപണിയില്ലെന്ന് മാത്രമല്ല പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കാൻ വേണ്ടത്ര അസംസ്കൃത വസ്തുക്കളും ലഭിക്കുന്നില്ല. ബാംബു കോർപ്പറേഷന്റെ ജില്ലയിലെ ഏക ഡിപ്പോയായ ശാസ്‌താംകോട്ടയിൽ ഈറ്റ കെട്ടിക്കിടന്ന് നശിച്ചു. തൊഴിലാളികളിലേക്ക് ഈറ്റ എത്തിക്കാനുള്ള സാദ്ധ്യതകളെല്ലാം ലോക്ക് ഡൗണിൽ അടഞ്ഞുപോയിരുന്നു.

പ്രതീക്ഷയുടെ തണലെങ്ങുമില്ല

ചെറിയ തുകയ്ക്ക് കുടയും ചെരുപ്പും നന്നാക്കിയുന്നവവരടക്കം തൊഴിലാളികളെല്ലാം ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളാണ്. ലോക്ക് ഡൗൺ ഇളവുകൾ വന്നെങ്കിലും ഇവരുടെയൊക്കെ തൊഴിലിടങ്ങൾ സജീവമാകാൻ ഇനിയും കാത്തിരിക്കണം. ഉത്സവകാലം ഇല്ലാതായപ്പോൾ വാദ്യ കലാകാരന്മാർ, നാടകം- നൃത്തം, കഥാപ്രസംഗം തുടങ്ങി വിവിധ മേഖലകളിലെ കലാകാരന്മാർ,വഴിയോര വാണിഭക്കാർ തുടങ്ങി എണ്ണമറ്റവർക്ക് ഈ വർഷത്തെ സീസൺ പൂർണമായും നഷ്ടമായി.

ലോക്കിലായി അവധിക്കാലവും

1. വിപണിയില്ലാതെ പരമ്പരാഗത ഈറ്റ തൊഴിലാളികൾ

2. പുതുതലമുറ കരകൗശല വസ്തുക്കൾ കെട്ടിക്കിടക്കുന്നു

3. അവധിക്കാല മേളകൾ ലോക്കിൽ മുടങ്ങി

4. ഈറ്റ കിട്ടാതിരിക്കുന്നതും പ്രതിസന്ധി

5. ഗ്രാമീണ ചന്തകളും അടഞ്ഞുതന്നെ

''

ഈറ്റ,​ തഴ ഉൾപ്പടെയുള്ളവയുടെ ലഭ്യതയും ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ എണ്ണവും കുറഞ്ഞത് വലിയ പ്രതിസന്ധിയാണ് മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഇടപെട്ടെങ്കിലേ പരമ്പരാഗത വ്യവസായങ്ങൾക്ക് ജീവൻ വയ്ക്കൂ.

ജി. സുധാകരൻ കുന്നത്തൂർ

ജനറൽ സെക്രട്ടറി

ഇന്ത്യൻ യൂണിയൻ ദളിത് ലീഗ്