bangali

 നാട്ടിലേക്ക് മടങ്ങാനുള്ള ഭായിമാരുടെ കാത്തിരിപ്പ് നീളുന്നു

കൊല്ലം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം ദേശത്തേക്ക് മടക്കിഅയയ്ക്കൽ നീളുന്നു. മടങ്ങിപ്പോകാൻ താല്പര്യമുള്ളവരുടെ പട്ടിക തൊഴിൽ വകുപ്പ് തയ്യാറാക്കിയെങ്കിലും ട്രെയിൻ ലഭിക്കാത്തതാണ് പ്രശ്നം.

തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഏകദേശം 19,000 അന്യസംസ്ഥാന തൊഴിലാളികളാണ് തൊഴിലാളി ക്യാമ്പിൽ കഴിയുന്നത്. ഇതിൽ 9269 പേരാണ് നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധരായുള്ളത്.

പശ്ചിമ ബംഗാളിലേക്ക് അഞ്ച് സർവീസും അസാമിലേക്ക് ഒരു ട്രെയിനുമാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. റെയിൽവേ അധികൃതർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണത്തിന് തയ്യാറാകുന്നില്ല.

തൊഴിലാളികളെ മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വിലയിരുത്തൽ യോഗങ്ങൾ ചേരുന്നുണ്ട്.

അസാം, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് 500ൽ താഴെ തൊഴിലാളികൾ മാത്രമാണ് പോകാനുള്ളത്. ഇവരെ മറ്റ് ജില്ലകളിൽ നിന്നുള്ള ട്രെയിനിൽ കയറ്റിവിടാനാണ് ആലോചന. റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യമായി കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കും. സ്വന്തം ചെലവിൽ ട്രെയിൻ ടിക്കറ്റ് എടുക്കാൻ തയ്യാറുള്ളവരുടെ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ പലരും നാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നം ഉപേക്ഷിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുമ്പോൾ കുടിവെള്ളവും ഭക്ഷണവും സൗജന്യമായി നൽകാൻ ആലോചനയുണ്ട്.

"

വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവരുടെ പട്ടിക തയ്യാറായിട്ടുണ്ട്. പക്ഷെ ട്രെയിനിന്റെ കാര്യത്തിൽ തീരുമാനമായില്ല. ആറ് മണിക്കൂർ മുമ്പ് അറിയിപ്പ് കിട്ടാനാണ് സാദ്ധ്യത.

സിന്ധു, ജില്ലാ ലേബർ ഓഫീസർ

തൊഴിൽ വകുപ്പിന്റെ കണക്ക്

ക്യാമ്പുകളിൽ കഴിയുന്നവർ 19,000

മടങ്ങാൻ സന്നദ്ധരായവർ 9,269

പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്നവർ 6,000

അസാമിലേക്ക്: 1,300