c
സാമൂഹിക അടുക്കളകൾ പകുതിയിലേറെയും പൂട്ടി

 ജില്ലയിൽ 46 എണ്ണം മാത്രം

കൊല്ലം: സൗജന്യമായി ഭക്ഷണം നൽകേണ്ടവരുടെ എണ്ണം കുറഞ്ഞെന്ന വിലയിരുത്തലിൽ ജില്ലയിലെ പകുതിയിലേറെ സാമൂഹിക അടുക്കളകൾ പൂട്ടി. ഇന്നലെ ജില്ലയിൽ 46 അടുക്കളകൾ മാത്രമാണ് പ്രവർത്തിച്ചത്. ഒരു ഘട്ടത്തിൽ നൂറിലേറെ അടുക്കളകൾ പ്രവർത്തനസജ്ജമായിരുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളും മൂന്നാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ചതിനൊപ്പം അടുക്കളകളുടെ പ്രവർത്തനവും അവസാനിപ്പിച്ചു. ഇവിടെ തുടർന്നും സൗജന്യ ഭക്ഷണം ആവശ്യമുള്ളവർക്ക് പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ എത്തിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 46 അടുക്കളകളിൽ നിന്ന് 4500 ഉച്ചഭക്ഷണവും 650 പ്രഭാത ഭക്ഷണവും ഇന്നലെ ആവശ്യക്കാരിലെത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 48 ജനകീയ ഹോട്ടലുകൾ ഇന്നലെ പ്രവർത്തിച്ചു. ജനകീയ ഹോട്ടലുകളിൽ നിന്ന് 4200 ഉച്ചഭക്ഷണവും 400 പ്രഭാത ഭക്ഷണവും ആവശ്യക്കാർക്ക് നൽകി. ജനകീയ ഹോട്ടലുകളിൽ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചഭക്ഷണം ലഭിക്കുക. പ്രഭാത ഭക്ഷണത്തിന് പ്രാദേശിക വില നിലവാരം അനുസരിച്ചുള്ള വില ഈടാക്കും. വീടുകളിൽ എത്തിച്ച് നൽകുന്നതിന് അഞ്ചുരൂപ സർവീസ് ചാർജ് കൂടി ഈടാക്കും.