mukesh
ഡോക്ടറും മകളും ചേർന്ന് രണ്ടു ലക്ഷം രൂപയുടെ ചെക്ക് എം. മുകേഷ് എം.എൽ.എ.യ്ക്ക് കൈമാറുന്നു

കൊട്ടിയം: മകളുടെ വിവാഹച്ചെലവുകൾക്കായി കരുതി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഡോക്ടർ മാതൃകയായി. പ്രമുഖ അസ്ഥിരോഗ വിദഗ്ദ്ധനും ആലപ്പുഴ വണ്ടാനം സർക്കാർ ടി.ഡി. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പ്രൊഫസറുമായ മൈലക്കാട് ഷെറിൻ വില്ലയിൽ ഡോ. എ.എം. ജോർജ് കുട്ടിയാണ് തന്റെ മകൾ ഡോ. സ്വിറ്റി ജോർജിന്റെ വിവാഹച്ചെലവുകൾക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

തിങ്കളാഴ്ച മൈലക്കാട് ദേവാലയത്തിൽ വച്ച് സ്വിറ്റി മേരി ജോർജും ചന്ദനത്തോപ്പ് സ്വദേശിയും അമേരിക്കൻ ഓയിൽ കമ്പനിയിൽ എൻജിനിയറുമായ ജിജോ ഡെന്നീസും തമ്മിലുള്ള വിവാഹം ആഘോഷങ്ങളില്ലാതെ നടന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ എം. മുകേഷ് എം.എൽ.എ ഇവരുടെ വീട്ടിലെത്തി രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റി. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജോയ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർളി സ്റ്റീഫൻ, സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.