kada

ചവറ: ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശി ശെൽവനാണ് (35) പരിക്കേറ്റത്. ശങ്കരമംഗലം കെ.സി തിയേറ്ററിന് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം. കന്യാകുമാരിയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി റോഡിന് താഴെയുള്ള കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തോട്ടിന് വടക്ക് സ്വദേശി മോഹനന്റെ ഉടമസ്ഥയിലുളള കടയിൽ വിൽക്കാൻ വച്ചിരുന്ന ഇഷ്ടകൾ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം സമീപത്തെ സൈക്കിൾ കടയുടെ മുന്നിൽ വെച്ചിരുന്ന സൈക്കിളും സ്‌കൂട്ടറും ഇടിച്ചിട്ടു. തൊട്ടടുത്തുളള ചായക്കടയിലും ഇടിച്ച വാഹനം സമീപത്തെ പച്ചക്കറി കടക്ക് മുന്നിലാണ് നിന്നത്. മറ്റൊരു വാഹനത്തിന് സൈഡ് നൽകിയപ്പോഴാണ് വാഹനത്തിന് നിയന്ത്രണം നഷ്ടമായതെന്ന് ദൃസാക്ഷികൾ പറയുന്നു.