കൊട്ടാരക്കര: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശം. ആയിരക്കണക്കിനു ഏത്തവാഴകളൂം മരച്ചീനിയും നശിച്ചു. റബ്ബർ, തേക്ക്, മാവ്, പ്ലാവ് എന്നീ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മാരൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള ഏലാ പ്രദേശങ്ങളിലാണ് ഏത്തവാഴകൾ ഒടിഞ്ഞു വീണത്.
മാരൂർ തിരുവാതിരയിൽ രാജേന്ദ്രൻ, ഉമാ ഭവനിൽ സാംബശിവൻ, അന്നൂർ മുരളി ഭവനിൽ മുരളീധരൻ, കളങ്ങുവിളയിൽ രമണൻ, ബിനീഷ് ഭവനിൽ രാജൻ എന്നിവരുടെ കുലച്ചതും കുലയക്കാത്തതുമായ വാഴകളാണ് നശിച്ചത് ക്ഷേത്രത്തിനു സമീപമുള്ള ബാലന്റെ ചായക്കടയുടെ ടിൻ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. മാരൂർ പുന്നവിള വീട്ടിൽ രാധാകൃഷ്ണൻ, സൂര്യ ഭവനിൽ സുഗതൻ, മേലേ വിളവീട്ടിൽ കൃഷ്ണകുമാർ, സുനിൽ ഭവനിൽ മുരളി, ചരുവിള താഴതിൽ ബാബു, മരുതിക്കോട്ടുവിള വീട്ടിൽ ഹർഷകുമാർ, ശശിധരൻ എന്നിവരുടെ നൂറുകണക്കിനുമൂട് മരച്ചീനി, പച്ചക്കറി കൃഷി, കാർഷിക വിളകൾ എന്നിവ നശിച്ചു. വെളിയം കൃഷിഭവനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.