c
ആര്യങ്കാവിൽ പരിശോധന കേന്ദ്രത്തിൽ സജ്ജീകരിച്ച ആംബുലൻസുകൾ

 ഇന്നലെ എത്തിയത് 258 പേർ  63 പേർ നിരീക്ഷണത്തിൽ

കൊല്ലം: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 258 മലയാളികൾ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ഇന്നലെ കേരളത്തിൽ പ്രവേശിച്ചു. റെഡ് സോണുകളിൽ നിന്നെത്തിയരും രജിസ്ട്രേഷൻ നടത്താതെ വന്നവരും ഉൾപ്പെടെ 68 പേരെ സർക്കാർ നിയന്ത്രണത്തിലുള്ള നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. 195 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം നൽകി നാട്ടിലേക്ക് അയച്ചു. റെഡ് സോണുകളിൽ നിന്നെത്തിയവർക്കായി വീടിന് ഏറ്റവും അടുത്തുള്ള നിരീക്ഷണ കേന്ദ്രത്തിൽ സൗകര്യം ഒരുക്കി. വീടുകളിലേക്ക് പോകരുതെന്ന കർശന നിർദേശം നൽകിയാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. ഇവർ ആര്യങ്കാവിൽ നിന്ന് നാട്ടിലെത്തുമ്പോഴേക്കും നിരീക്ഷണ കേന്ദ്രത്തിൽ ഇതിനുള്ള സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കും. ചെക്ക് പോസ്റ്റിലെ പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബോദ്ധ്യപ്പെടുന്നവരെ മാത്രമാണ് സ്വന്തം വാഹനങ്ങളിലോ ടാക്‌സിയിലോ നാട്ടിലേക്ക് പോകാൻ അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ ഉടനടി പ്രത്യേക ആംബുലൻസിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കോ ആശുപത്രിയിലേക്കോ മാറ്റും.

പഴുതില്ലാത്ത ക്രമീകരണങ്ങൾ

ചെക്ക് പോസ്റ്റ് വഴി സംസ്ഥാനത്ത് കടക്കുന്ന എല്ലാവരുടെയും വിവരങ്ങൾ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് ഉടനടി കൈമാറും. ഇവർ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ആരോഗ്യ വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനുമുണ്ട്.

നിരീക്ഷണ കേന്ദ്രത്തിൽ താമസിക്കാൻ നിർദേശം ലഭിച്ചവർ (ജില്ല തിരിച്ച് )

1. തിരുവനന്തപുരം 11

2. കൊല്ലം 11

3. കോട്ടയം 9

4. ആലപ്പുഴ 6

5. ഇടുക്കി 6

7. പത്തനംതിട്ട 6

8. കോഴിക്കോട് 1

9. മലപ്പുറം 1

10. തൃശൂർ 2

പരിശോധന ഒരുമണിക്കൂർ വൈകി

അയൽ സംസ്ഥനങ്ങളിൽ നിന്ന് ആര്യാങ്കാവിലെത്തിയ മലയാളികളുടെ പരിശോധന ഒരുമണിക്കൂർ തടസപ്പെട്ടു. വൈകിട്ട് 3 മുതൽ 4വരെയാണ് തടസപ്പെട്ടത്. സോഫ്ട് വെയർ തകരാറാണ് കാരണമെന്ന് ആർ.ഡി.ഒ ബി.ശശികുമാർ അറിയിച്ചു.