ആര്യങ്കാവിൽ പരിശോധന കഴിഞ്ഞ് മടങ്ങിയവരുടെ വാഹനം
പുനലൂർ: ചെന്നൈയിൽ നിന്നെത്തി ആര്യങ്കാവിൽ പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ദമ്പതികൾ ഉൾപ്പെടെ ആറംഗകുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. പുത്തൂർ സ്വദേശി പ്രജിലാലും ഭാര്യയും മൂന്ന് മക്കളും ബന്ധുവും സഞ്ചരിച്ച കാർ കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് കോളനി ജംഗ്ഷന് സമീപമാണ് അപകടത്തിൽപെട്ടത്. ബന്ധുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ കല്ലടയാറിന്റെ തീരത്തേക്ക് ചരിഞ്ഞിറങ്ങുകയായിരുന്നു. ദമ്പതികൾ തമിഴ്നാട് സർക്കാർ സർവീസിലെ ജീവനക്കാരാണ്. സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വരുത്തിയ ശേഷം ആറുപേരെയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ആശുപത്രിയിൽ പ്രാഥമിക പരിശോധന നടക്കുന്നതിനിടെ സംഭവം അറിഞ്ഞ് പുത്തൂരിലെ ബന്ധു കാറുമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ആറുപേരും മറ്റൊരു ആംബുലൻസ് വിളിച്ചാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായി മടക്കിയത്.