ചാത്തന്നൂർ : രണ്ട് ദിവസമായി തുടരുന്ന കനത്ത വേനൽ മഴയിൽ വീടുകൾ തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഏറെനേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് പുറമേ ശക്തമായ കാറ്റും വീശിയടിച്ചതോടെ ചാത്തന്നൂർ പഞ്ചായത്തിലെ വരിഞ്ഞം ഇടനാട് തുടങ്ങിയ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഏതാനും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ പാരിപ്പള്ളി പാമ്പുറം ഇ.എസ്.ഐ വാർഡിൽ കോലായിൽ ചരുവിള പുത്തൻവീട്ടിൽ അഴകേശന്റെ വീടിന്റെ മുകളിൽ തെങ്ങ് കടപുഴകി വീണു. വീട്ടുകാർ തലനാരിഴയ്ക്കാന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണമായും തകർന്നു.
പാഴ്മരം ദേശീയ പാതയ്ക്ക് കുറുകേ വീണു
ഇന്നലെ വൈകിട്ട് നാല് മണിക്കുണ്ടായ ശക്തമായ കാറ്റിൽ ദേശീയപാതയിൽ ശിവപ്രിയ ആശുപത്രിയുടെ മുന്നിൽ സ്പിന്നിംഗ് കോമ്പൗണ്ടിൽ നിന്ന പാഴ്മരം ദേശീയ പാതയ്ക്ക് കുറുകേ വീണു. പരവൂർ ഫയർസ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് മരം മുറിച്ചുമാറ്റിയത്. വരിഞ്ഞം വയലിൽക്കട ഭാഗങ്ങളിൽ ശക്തമായ മഴയിൽ മരങ്ങൾ കടപുഴകിവീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചു. വയലിൽക്കട ജംഗ്ഷനിൽ നെല്ലിമരം പിഴുത് വീണു ചായക്കട തകർന്നു. ഇടനാട് തെക്കേവിള കാവിൽ നിരവധി മരങ്ങൾ പിഴുത് വീണു. ഇടനാട് ഷൈജുവിന്റെ വാഴത്തോട്ടത്തിൽ കൃഷിനാശമുണ്ടായി. ലതികാമന്ദിരത്തിൽ ലക്ഷ്മികുട്ടി അമ്മയുടെയും കുന്നത്തുവിള വീട്ടിൽ പോളിന്റെയും വീടുകളുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി.