pic

കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അഴീക്കൽ ഹാർബറിൽ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഹാർബർ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും പണിമുടക്കുന്നു.ധീവരസഭ കരയോഗങ്ങൾ, എസ്.എൻ.ഡി.പി യോഗം 390-ാം നമ്പർ ശാഖ, സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ഫിഷിംഗ് ബോട്ട് ഉടമകൾ, വള്ളം ഓണേഴ്സ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ, ലേല തൊഴിലാളി യൂണിയൻ, മത്സ്യവ്യാപാരി വ്യവസായികൾ എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

അഴീക്കൽ ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രാതിനിധ്യം നൽകി പുനസംഘടിപ്പിക്കുക, മത്സ്യവിപണന അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകുക, ഹാർബർ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുക, കച്ചവടക്കാരെ പ്രവേശിപ്പിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കുക, ഹാർബർ വികസനം സാദ്ധ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്നും നാളെയും എല്ലാ ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും മത്സ്യബന്ധനത്തിൽ നിന്ന് വിട്ടുനിന്ന് പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഹാർബർ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചു.