photo
എഴുകോൺ കരീപ്രയിൽ രത്നമ്മയുടെ വീട് തകർന്നപ്പോൾ

കൊല്ലം: മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ എഴുകോണിൽ രണ്ട് വീടുകൾ തകർന്നു.

കരീപ്ര ഇടയ്ക്കിടം ഗുരുനാഥൻ മുകൾ കരുണാകര മംഗലത്ത് രത്നമ്മയുടെ വീട് മരം വീണ് പൂർണമായും തകർന്നു. വീടിന് സമീപം നിന്ന കൂറ്റൻ ആഞ്ഞിലി മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. രത്നമ്മയും രണ്ട് പേരക്കുട്ടികളും ഇരുന്നിരുന്ന മുറിയുടെ ഭിത്തികൾ തകർന്ന് വീണെങ്കിലും കഷ്ടിച്ച് രക്ഷപെട്ടു.

കാരുവേലിൽ പ്ലാക്കാട് ഭാഗത്ത് കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. പ്ലാക്കാട് ജിജി ഭവനത്തിൽ ഓമനഫിലിപ്പിന്റെ വീടിന്റെ മേൽക്കുരയാണ് തകർന്നത്. വീട്ടിൽ ആൾത്താമസം ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ജി.ഐ ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ മേൽക്കൂര പറന്നു സമീപത്തെ മരത്തിലും വൈദ്യുത പോസ്റ്റിലുമായി തങ്ങിനിൽക്കുകയായിരുന്നു. വൈദ്യുതി കമ്പികൾ മേൽക്കൂരയിൽ തട്ടിയ നിലയിലായിരുന്നു. കൊട്ടാരക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

ആയിരക്കണക്കിനു ഏത്തവാഴകളൂം മരച്ചീനിയും നശിച്ചു. റബ്ബർ, തേക്ക്, മാവ്, പ്ലാവ് എന്നീ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. മാരൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള ഏലാ പ്രദേശങ്ങളിലാണ് ഏത്തവാഴകൾ ഒടിഞ്ഞു വീണത്. മാരൂർ തിരുവാതിരയിൽ രാജേന്ദ്രൻ, ഉമാ ഭവനിൽ സാംബശിവൻ, അന്നൂർ മുരളി ഭവനിൽ മുരളീധരൻ, കളങ്ങുവിളയിൽ രമണൻ, ബിനീഷ് ഭവനിൽ രാജൻ എന്നിവരുടെ കുലച്ചതും കുലയക്കാത്തതുമായ വാഴകളാണ് നശിച്ചത് ക്ഷേത്രത്തിനു സമീപമുള്ള ബാലന്റെ ചായക്കടയുടെ ടിൻ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. മാരൂർ പുന്നവിള വീട്ടിൽ രാധാകൃഷ്ണൻ, സൂര്യ ഭവനിൽ സുഗതൻ, മേലേ വിളവീട്ടിൽ കൃഷ്ണകുമാർ, സുനിൽ ഭവനിൽ മുരളി, ചരുവിള താഴതിൽ ബാബു, മരുതിക്കോട്ടുവിള വീട്ടിൽ ഹർഷകുമാർ, ശശിധരൻ എന്നിവരുടെ നൂറുകണക്കിനുമൂട് മരച്ചീനി, പച്ചക്കറി കൃഷി, കാർഷിക വിളകൾ എന്നിവ നശിച്ചു.